‘കോടികള്‍ മുടക്കി ചന്ദ്രനില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങി’!! ഇനി ഫിറോസ് ചുട്ടിപ്പാറയുടെ പാചകം ചന്ദ്രനില്‍

വ്യത്യസ്തമായ പാചക വീഡിയോയിലൂടെ ആരാധകരെ സ്വന്തമാക്കിയ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. എട്ട് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് നിലവില്‍ ഫിറോസിനുണ്ട്. ഗള്‍ഫിലെ ജോലി നിര്‍ത്തിയാണ് ഫിറോസ് യൂട്യൂബിലേക്ക് തിരിഞ്ഞത്. ഇതുവരെ ആരും പരീക്ഷിക്കാത്ത താരം പാചകങ്ങളാണ് ഫിറോസിനെ ശ്രദ്ധേയനാക്കുന്നത്. ഇന്ത്യയില്‍ നിയമവിധേയമല്ലാത്തവയുടെ പാചകത്തിനായി വിദേശങ്ങളിലും പോകാറുണ്ട് ഫിറോസ്. പാമ്പ് ഗ്രില്‍, ഒട്ടകം ഗ്രില്‍, പട്ടി കറി എന്നിവയൊക്കെ ഫിറോസിന്റെ ഹിറ്റ് പാചകങ്ങളാണ്.

ഇപ്പോഴിതാ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വിവരമാണ് ഫിറോസ് പങ്കുവച്ചിരിക്കുന്നത്. ചന്ദ്രനില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങിയെന്നാണ് ഫിറോസ് പറയുന്നത്. സ്ഥലം വാങ്ങിയതിന്റെ രേഖകളും തന്റെ പുതിയ വീഡിയോയിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി സര്‍ട്ടിഫിക്കറ്റുകളും സ്ഥലത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

ചന്ദ്രനില്‍ സ്ഥലം നേരിട്ട് വാങ്ങാന്‍ കഴിയില്ലെങ്കിലും ചില വെബ്‌സൈറ്റുകള്‍ വഴി ചന്ദ്രനിലെ സ്ഥലം വില്‍ക്കുകയും അവ വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അത്തരത്തിലാണ് ഫിറോസും ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കിയത്. ഇനി ഞങ്ങളുടെ ഫുഡ് കഴിക്കാന്‍ ചന്ദ്രനിലേക്ക് വരണമെന്നും ഫിറോസ് തമാശയായി പറയുന്നുണ്ട്. ‘കോടികള്‍ മുടക്കി ചന്ദ്രനില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങി’ എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ രസകരമായ കമന്റുകളാണ് താഴെ നിറയുന്നത്.