രണ്ടാം വിവാഹം കഴിക്കാന്‍ ക്ഷേത്രത്തിലെത്തി; യുവാവിനെ തല്ലിച്ചതച്ച് ഭാര്യയും ബന്ധുക്കളും

Groom thrashed by first wife
Groom thrashed by first wife

രണ്ടാം വിവാഹം കഴിക്കാനെത്തിയ യുവാവിനെ തല്ലിച്ചതച്ച് ആദ്യ ഭാര്യയും ബന്ധുക്കളും. സോം പ്രകാശ് നാരായന്‍ എന്ന യുവാവിനാണ് ക്ഷേത്രത്തില്‍ വച്ച് മര്‍ദനമേറ്റത്. ഛത്തിസ്ഗഡിലെ ജന്‍ജിഗറിലാണ് സംഭവം. സ്ത്രീധനതര്‍ക്കത്തിന്റെ പേരില്‍ ആദ്യ ഭാര്യയെ ഇയാള്‍ അവരുടെ വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ബന്ധത്തിന് ഒരുങ്ങിയത്. ഇതറിഞ്ഞ ആദ്യ ഭാര്യയും ബന്ധുക്കളും വിവാഹ വേദിയിലെത്തിയ യുവാവിനെ മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇവര്‍ക്കെതിരെ കേസെടുത്തു.

2017ലാണ് ഇയാള്‍ ദാമിനി ജയ്‌സ്‌വാള്‍ എന്ന യുവതിയെ വിവാഹം ചെയ്തത്. പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചു. രണ്ട് ലക്ഷം രൂപയുമായി തിരികെ വന്നാല്‍ മതി എന്ന് പറഞ്ഞ് ഭാര്യയെ അവരുടെ വീട്ടില്‍ കൊണ്ടാക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. പിന്നീടാണ് ഇയാള്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന വാര്‍ത്ത ആദ്യ ഭാര്യ അറിഞ്ഞത്. കല്യാണത്തിന് ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് ആദ്യ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ തല്ലിച്ചതക്കുകയായിരുന്നു.