
കെഎസ്ആർടിസിയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷനായ ‘ചലോ ആപ്പ്’ ഉടൻ നിലവിൽ വരും . മുഖ്യമന്ത്രി സമയം അനുവദിക്കുന്ന മുറയ്ക്ക് ആപ്പിൻ്റെ ഉദ്ഘാടനം നടത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ.
ബസുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയം, സീറ്റ് ലഭ്യത, തത്സമയ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. ആറ് ഭാഷകളിൽ വിവരങ്ങൾ അറിയാനാകും. ചലോ ആപ്പ് നിലവിൽ വന്നാൽ എൻക്വയറി കൗണ്ടറിലെ ജീവനക്കാരുടെ ഡ്യൂട്ടി കുറച്ചു പരമാവധി ജീവനക്കാരെ കണ്ടക്ടർ, ഡ്രൈവർ ഡ്യൂട്ടിക്ക് നിയോഗിക്കാനാകും.
മുൻപ് ഒരു ദിവസം 76 ബസുകൾ വരെ റദ്ദാക്കിയിരുന്നെങ്കിൽ ഇപ്പോൾ അത് കുറയ്ക്കാൻ സാധിച്ചു. നിലവിൽ ഓടുന്ന ബസുകൾക്ക് പുറമേ, 100 ബസുകൾ കൂടി കൂടുതൽ ഓടിക്കാനും കഴിഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ബസുകളിൽ ടിക്കറ്റുകൾ റിസർവ് ചെയ്യാനുള്ള സംവിധാനവും വരും.
App നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം
- സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക് എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും.
- ബസ് തിരഞ്ഞെടുത്ത് കയറുന്നതിനു മുൻപേ ടിക്കറ്റ് എടുക്കാനാകും. മൊബൈൽ ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ച് ടിക്കറ്റ് വരവുവെക്കണം.
- കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൽ മാറ്റംവരുത്തും.
- ബസിൽ ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട് കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ് ചെയ്യാനാകും.
- ഇനി അന്വേഷണ കൗണ്ടർ ഉണ്ടാവില്ല.
നിലവിൽ അച്ചടിച്ച ഒരുലക്ഷം കാർഡുകളിൽ 82,000 കാർഡുകൾ വിൽപ്പന നടത്തി. നാലുലക്ഷം കാർഡുകൾകൂടി ഉടൻ സജ്ജമാകും. നിശ്ചിത തുക നൽകി യാത്രക്കാർക്ക് കാർഡ് വാങ്ങാം. ചാർജ്‌ചെയ്ത് ഉപയോഗിക്കാം. വിദ്യാർഥി കൺസെഷൻ കാർഡുകളും ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള എല്ലാവിധ യാത്രാപാസുകളും കാർഡിലേക്കു മാറും. വിദ്യാർഥികൾ കാർഡ് പുതുക്കാൻ വർഷംതോറും ഓഫീസിൽ എത്തേണ്ടതില്ല. ബസിൽ പണം നൽകി കാർഡ് പുതുക്കാം. കാർഡിന്റെ തുക മാത്രമാണ് വിദ്യാർഥികളിൽനിന്നു വാങ്ങുക. യാത്ര സൗജന്യമാണ്. 20 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ്‌സ് കാർഡുകൾ വിതരണംചെയ്തു തുടങ്ങും.
കേരളത്തിലെ കെഎസ്ആർടിസി ബസുകളുടെ മുഴുവൻ വിവരങ്ങളും ആപ്പിൽ ലഭ്യമാകും. നിലവിൽ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
Download Chalo App Now











