Categories: Film News

‘നിന്നെ കിനാവ് കാണും..’; എ ആർ റഹ്മാൻ മാജിക്ക് വീണ്ടും, നജീബിൻറെയും സൈനുവിന്റെയും ഹൃദയം തൊടുന്ന പ്രണയം

ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം നോവൽ ഒരു സിനിമയായി എടുക്കുമ്പോൾ ഒരുപാട് വെല്ലുവിളികളാണ് ടീം നേരിട്ടത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ പുതിയ ​ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

‘നിന്നെ കിനാവ് കാണും..’ എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എ ആർ റഹ്മാൻ ആണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്. വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷിതാ സുരേഷ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിട്ടുള്ളത്. അമല പോളാണ് നായിക. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. റസൂൽ പൂക്കുട്ടിയാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

Ajay Soni