കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തി; ഭാഗ്യലക്ഷ്മിക്കെതിരെ ഹര്‍ജി

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് എതിരെ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആര്‍. ധനിലാണ് ഹര്‍ജി നല്‍കിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്‍ പറയുന്നു.

കോടതികള്‍ ആദ്യമേ വിധിയെഴുതി വച്ചെന്നും ഇപ്പോള്‍ നടക്കുന്നതു നാടകമാണെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ‘പണമുള്ളവര്‍ക്കു മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കുകയുള്ളൂ, ഏതറ്റംവരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കുകയുള്ളൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികള്‍.

അവര്‍ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പിന്നെ ഇപ്പോള്‍ നടക്കുന്നത് മുഴുവനും മറ്റു പല നാടകങ്ങളാണെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

Gargi