വൈരക്കല്ല് പതിച്ച കിരീടവും സ്വര്‍ണ ചെങ്കോലും! പത്താംനാള്‍ അത്യാഢംബര മുറിയില്‍ നിത്യനിദ്ര

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ രണ്ടാഴ്ചക്കുളളില്‍ പൂര്‍ത്തിയാകും. നീണ്ട പത്ത് ദിനങ്ങളിലൂടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാവുക. ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്‌കാര ചടങ്ങുകള്‍ 10 ദിനങ്ങളായിട്ടാണ് നടക്കുക. കഴിഞ്ഞ ദിവസം രാത്രിയാണ് മരണവാര്‍ത്ത പുറത്തു വന്നത്, അതിനാല്‍ ഇന്നു മുതലാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുക. രാജ്ഞിയുടെ മരണ ദിവസം ഡി – ഡേ/ ഡി -0 ‘ലണ്ടന്‍ ബ്രിഡ്ജ് ഡൗണ്‍’ എന്ന കോഡിലാണ് അറിയപ്പെടുന്നത്.

പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, മരത്തടികള്‍കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയുള്ള രാജകീയ വീട്ടുപകരണങ്ങളാല്‍ അലംകൃതമായ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് രാജ്ഞിയുടെ ശവമഞ്ചം പൊതുദര്‍ശനത്തിന് വെക്കുക. നാല് ദിവസം ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കൊട്ടാരത്തിലെ ഏറ്റവും പുരാതന ഭാഗമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാള്‍. 18-ാം നൂറ്റാണ്ടിന് ശേഷം 2002ല്‍ രാജ്ഞിയുടെ മാതാവ് സിസിലിയ കാവന്‍ഡിഷിന്റെ ഭൗതിക ശരീരമാണ് അവസാനമായി ഇവിടെ പൊതുദര്‍ശനത്തിന് വെച്ചിരുന്നത്. അന്ന് രണ്ട് ലക്ഷത്തിലധികം ആളുകളാണ് അനുശോചനം അര്‍പ്പിക്കുന്നതിനായി കൊട്ടാരത്തില്‍ എത്തിയിരുന്നത്.

സൈനിക അകമ്പടിയും ഘോഷയാത്രയുമായാണ് ബെക്കിങ്ഹാമില്‍ നിന്ന് രാജ്ഞിയുടെ മൃതദേഹം ഇവിടേക്ക് എത്തിക്കുക. ബ്രിട്ടന്റെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ് പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ രാജകിരീടം, ചെങ്കോല്‍, ഓര്‍ബ് എന്നിവയും വയ്ക്കും. ഹാളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.

എല്ലാവരും അനുശോചനം അറിയിച്ച ശേഷം വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയിലെ ഗ്രാന്‍ഡ് ഹാളില്‍വെച്ച് ഭൗതികശരീരം അടക്കം ചെയ്യും. വിന്‍ഡ്‌സര്‍ കോട്ടയിലാണ് രാജ്ഞിയുടെ പിതാവ് ജോര്‍ജ് ആറാമനും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും നിത്യതയില്‍ ഉറങ്ങുന്നത്.

1953ല്‍ രാജ്ഞിയുടെ കിരീട ധാരണം ഉള്‍പ്പെടെ ബ്രിട്ടനിലെ പല രാജാക്കന്മാരും രാജ്ഞിമാരും കിരീടധാരണം നടന്നതും ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയിലാണ്. 1947-ല്‍ ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹം നടന്നതും ഇതേ പള്ളിയിലാണ്.

Anu B