ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘രാച്ചസ മാമനേ…’ എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷാല്‍, പാലക്കാട് ശ്രീറാം, മഹേഷ് വിനായകന് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
കാര്‍ത്തി, തൃഷ, ശോഭിത ധുലിപാല എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എ.ആര് റഹ്മാനാണ് സംഗീതം. കബിലന്റേതാണ് വരികള്‍. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി വര്‍മനാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.