Film News

‘ട്രെയിലറിലെ ആ ഒട്ടകഷോട്ടിനായി എത്രയോ ദിവസങ്ങൾ പോയിട്ടുണ്ട്’; പൃഥിയുടെ വാക്കുകൾ കേട്ട് കോരിത്തരിച്ച് പ്രേക്ഷകർ

ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ഇപ്പോൾ ആടുജീവിതത്തിലെ ഒരു മനോഹരമായ ഷോട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ട്രെയിലർ കണ്ടപ്പോൾ എല്ലാവരും എടുത്ത് പറയുന്ന ഒരു ഷോട്ടുണ്ടല്ലോ എന്ന മുഖവരയോടെയാണ് പൃഥ്വിരാജ് ആ ഷോട്ടിനെ കുറിച്ച് പറഞ്ഞത്. ”
ഒട്ടകത്തിന്റെ കണ്ണിലെ റിഫ്ലക്ഷൻ ഒരു മാക്രോ ലെൻസ് ഉപയോഗിച്ച് ഷൂട്ട് ചെയ്‍ത ഒരു ഷോട്ടാണ് അത്. ഞാൻ മൃഗങ്ങളോട് യാത്ര പറയുന്ന രംഗം ഉണ്ട്. അത് ഷൂട്ട് ചെയ്‍തപ്പോൾ ഒട്ടകങ്ങൾക്ക് താൻ ഭക്ഷണം നൽകുന്നുണ്ട്. ഞങ്ങൾക്ക് ഇഷ്‍ടമുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനാണ് അപ്പോൾ എനിക്കൊപ്പം ഉള്ളത്. ഭക്ഷണം ഇട്ടുകൊടുത്ത് ഞാൻ പോകുകയാണെന്ന് പറയുമ്പോൾ എന്റെ ഷോട്ട് എടുക്കുകയാണ്, ഒട്ടകത്തിന്റെ ഒരു സജഷനിൽ. കഴിച്ചുകൊണ്ടിരുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് തന്നെ നോക്കി.

അതുകൊള്ളാം ഇനി ഒട്ടകത്തിന്റെ റിയാക്ഷനെടുക്കാമെന്ന് സംവിധായകൻ ബ്ലെസി അഭിപ്രായപ്പെട്ടു. ഏതാണ്ട് വൈകുന്നേരം നാല് മണിക്കാണ് തന്റെ ഷോട്ടെടുത്തത്. അതേ ലൈറ്റ് കിട്ടാൻ എത്രയോ ദിവസങ്ങൾ ഞങ്ങളുടെ ഷൂട്ടിംഗ് നിർത്തി ക്യാമറയുമായിട്ട് ഒട്ടകത്തിന്റെ ഷോട്ട് എടുക്കാൻ പോയിട്ടുണ്ട്. അങ്ങനെയാണ് കണ്ണിലെ റിഫ്ലക്ഷൻ കിട്ടിയിരിക്കുന്നത്. അത് അഭിമാനവും ഭാഗ്യവുമായി കരുതുന്നു” പൃഥ്വിരാജ് പറഞ്ഞു.

ബെന്യാമന്റെ ആടുജീവിതമാണ് പൃഥ്വിരാജ് നായകനായി സിനിമയായി എത്തുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് ബ്ലെസിയാണ്. ഛായാഗ്രാഹണം സുനിൽ കെ എസാണ്. സംഗീതം എ ആർ റഹ്‍മാൻ. മാർച്ച് 28നാണ് റിലീസ്.

Ajay Soni