Categories: Film News

ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളും!! എമ്പുരാന്‍ ഒരുങ്ങുന്നത് ഹോളിവുഡ് സ്‌റ്റൈലില്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ആരാധകലോകം ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും അണിയറപ്രവര്‍ത്തകര്‍ പങ്കിടാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.

ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം അമേരിക്കയിലാണ് പുരോഗമിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള എമ്പുരാന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളുമായി ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. ജനുവരി 28നാണ് മോഹന്‍ലാല്‍ അമേരിക്കയിലെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തത്.

ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്‍ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അബ്രഹാം ഖുറേഷിയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്‌റാം ഖുറേഷിയായി മാറിയെന്നാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ടൊവിനോ തോമസും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊവിനോയുടെ ജതിന്‍ രാംദാസിന്റെ ഭൂതകാലവും എമ്പുരാന്‍ പറയുന്നുണ്ട്.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത് .മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം തിയ്യേറ്ററില്‍ എത്തും.

ലഡാക്കിലായിരുന്നുസിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം നടന്നത്. ബജറ്റോ റിലീസ് തീയതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിയറ്ററിലും ഒടിടിയിലും വന്‍ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാല്‍ ഹോളിവുഡ് ചിത്രത്തിന് സമാനമാണ് എമ്പുരാന്റെ ചിത്രീകരണവും എന്നതും ശ്രദ്ധേയമാണ്.

Anu