‘ഒരച്ഛന്‍ മകള്‍ക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ല’ പ്രിയദര്‍ശനും കല്യാണിയും ആദ്യമായി ഒരേ വേദിയില്‍

മലയാളികളുടെ പ്രിയ സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. നിരവധി ഹിറ്റ് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ സംവിധായകന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും മനോഹരങ്ങളായ സിനിമകളുടെ ഭാഗമാവുകയാണ്. പ്രധാനമായും തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തില്‍ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രിയദര്‍ശനും കല്യാണിയും ഒരേ വേദിയില്‍ എത്തിയിരിക്കുകയാണ്. തൃശൂര്‍ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു പ്രിയദര്‍ശനും കല്യാണിയും ഒരുമിച്ച് ആദ്യമായി ഒരു പൊതുവേദിയിലെത്തിയത്.

കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. ‘പ്രിയദര്‍ശന്‍ ഇനി ഒരു ദിവസം കല്യാണിയുടെ അച്ഛനെന്ന് അറിയപ്പെടും. പ്രിയദര്‍ശനെന്നല്ല ഏത് അച്ഛനും അതായിരിക്കും ഏറ്റവും സന്തോഷകരമായ ദിവസം. ആ ദിവസം വരട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ആ ഉത്തരവാദിത്തം കല്യാണിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

”എന്റെ കൂടെ എന്റെ മകള്‍ ഇതുപോലെ ഒരു വേദിയിലിരിക്കുമെന്നു ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. അവള്‍ സിനിമയില്‍ അഭിനയിക്കുമെന്നും കരുതിയിട്ടില്ല. ഒരു ക്ഷേത്ര മുറ്റത്തുവച്ചാണ് അവളും ഞാനും ആദ്യമായി ഒരേ വേദി പങ്കിടുന്നതെന്നതും സന്തോഷകരമാണെന്ന് പ്രിയന്‍ പ്രതികരിച്ചു. അതേസമയം സെറ്റില്‍ വന്നാലും പെട്ടെന്നു മടങ്ങുന്ന കല്യാണി തന്നോട് ഒരിക്കല്‍പോലും സിനിമയെക്കുറിച്ചു സംസാരിച്ചിരുന്നില്ലെന്നു പ്രിയന്‍ പറഞ്ഞു. ”അമേരിക്കയില്‍ ആര്‍ക്കിടെക്ട് ബിരുദത്തിനു പഠിക്കാന്‍ പോയ അമ്മു അതു നന്നായി ചെയ്താണു തിരിച്ചെത്തിയത്.

ഇനി എന്തു ചെയ്യുമെന്നു ഞാന്‍ ചോദിച്ചിട്ടുമില്ല. അതിനിടയ്ക്കാണ് എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ എന്നോടു നാഗാര്‍ജുനയുടെ സിനിമയില്‍ അഭിനയിക്കട്ടേ എന്നു ചോദിച്ചത്. സര്‍വ ദൈവങ്ങളെയും വിളിച്ചാണു സമ്മതിച്ചത്. പരാജയപ്പെട്ടാല്‍ അത് എന്നെക്കാള്‍ അവളെ വേദനിപ്പിക്കുമെന്നതായിരുന്നു പേടി. പക്ഷേ അവള്‍ നന്നായി ചെയ്തു. ഒരച്ഛന്‍ മകള്‍ക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Gargi