വിധി വന്നിട്ടും ഉപദ്രവിക്കാന്‍ പിന്നാലെ വരുന്നത് എത്ര ദുഷ്‌കരമാണ്, പൊട്ടിത്തെറിച്ച് പ്രിയങ്ക

കാവേരി-പ്രിയങ്ക കേസില്‍ പ്രിയങ്കക്ക് അനുകൂലമായി വിധി വന്നത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ പ്രിയങ്ക കാല് പിടിച്ചിട്ടാണ് കേസ് പിന്‍വലിച്ചതെന്ന് കാണിച്ച് കാവേരിയുടെ അമ്മയുടെതെന്ന പേരില്‍ ഒരു ശബ്ദരേഖ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ഈ…

കാവേരി-പ്രിയങ്ക കേസില്‍ പ്രിയങ്കക്ക് അനുകൂലമായി വിധി വന്നത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ പ്രിയങ്ക കാല് പിടിച്ചിട്ടാണ് കേസ് പിന്‍വലിച്ചതെന്ന് കാണിച്ച് കാവേരിയുടെ അമ്മയുടെതെന്ന പേരില്‍ ഒരു ശബ്ദരേഖ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയങ്ക.

പ്രിയങ്കയുടെ വാക്കുകള്‍,

വിധി വന്നിട്ടും നമ്മളെ ഉപദ്രവിക്കാന്‍ വേണ്ടി പുറകെ വരുന്നത് എത്ര ദുഷ്‌കരമാണ്. ഇക്കഴിഞ്ഞ 20 വര്‍ഷവും ഈ കേസിനെപ്പറ്റി ഞാന്‍ ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. ജീവിതത്തിലെ അത്രയും ഗൗരവകരമായ ഒരു ഘട്ടം തന്നെയായിരുന്നു ഇത്. ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ വിശ്വസിച്ചു. അത് മതി. ഇപ്പോള്‍ കാവേരിയുടെ അമ്മയുടെ ഒരു വോയിസ് ക്ലിപ് പുറത്തുവന്നിട്ടുണ്ട്. അത് മാഗസിന്റെ മേധാവിക്ക് അവര്‍ അയച്ചതാണ്. അതില്‍ തന്നെ എന്താണ് അവര്‍ പറയുന്നത്. ‘ഞാന്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും സാറിനെയല്ലേ വിളിക്കുന്നതെന്ന്’. അതില്‍ നിന്ന് എല്ലാം വ്യക്തം. ഈ പറയുന്ന മാഗസിന്‍ മേധാവി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്നെ വിളിച്ചിരുന്നു. പഴയതെല്ലാം മറക്കൂ… നമുക്ക് ഒരു ആര്‍ട്ടിക്കിള്‍ ഒക്കെ കൊടുക്കാമെന്ന് പറഞ്ഞ്. എന്തൊക്കെയാ നമുക്ക് ചുറ്റും നടക്കുന്നത്. ഇനിയും എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി ഞാന്‍ നിയമത്തെ തന്നെ കൂട്ടുപിടിക്കും. അതില്‍ എനിക്ക് വിശ്വാസമുണ്ട്.


കാവേരിയുമായി ഒരു പ്രശ്‌നവുമില്ലായിരുന്നു. അത് മാത്രമല്ല ശരിക്കും നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു. വീട്ടുകാരുമായി പോലും ആ സൗഹൃദം ഉണ്ടായിരുന്നു. ആ സൗഹൃദം ഒന്ന് കൊണ്ടുമാത്രമാണ് അവരുടെ ഫോട്ടോസ് ക്രൈം പോലൊരു മാഗസിന്റെ കവര്‍ ചിത്രമായി വരുന്നു എന്ന സന്ദേശം കിട്ടിയപ്പോള്‍ വിളിച്ചറിയിക്കാന്‍ തോന്നിയത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അജ്ഞാതസന്ദേശമായിരുന്നു. അറിയാത്ത നമ്പറില്‍ നിന്നും ഒരു കോള്‍. കിട്ടിയ വിവരം സത്യമാണെങ്കില്‍ അത് കാവേരിയെ എത്രത്തോളം ബാധിക്കും എന്ന് മനസിലാക്കിയത് കൊണ്ടാണ് അവരുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞത്. പക്ഷെ കാര്യങ്ങള്‍ വളഞ്ഞുതിരിയുകയായിരുന്നു. എല്ലാത്തിനും ഒടുവില്‍ ഞാന്‍ കുറ്റക്കാരിയായി.
കാവേരിയുടെ അമ്മ കിട്ടിയ ആ വാര്‍ത്തയുമായി മാഗസിന്‍ ടീമിനെ ബന്ധപ്പെട്ടു. പിന്നീട് സംഭവിക്കുന്നത് അവര്‍ എന്നെ നേരിട്ട് കാണാന്‍ വിളിച്ചതാണ്. ആലപ്പുഴ പ്രിന്‍സ് ഹോട്ടലിന്റെ മുന്‍പില്‍ വെച്ച് കാണാം എന്നുപറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയത് പോലുമില്ല, അതിനു മുന്നേ തന്നെ കുറച്ച് കാശെടുത്ത് അവര്‍ എന്റെ മടിയിലേക്ക് വെച്ചു. മറ്റെന്തെങ്കിലും എനിക്ക് ചോദിക്കാനാവുന്നതിനു മുന്‍പ് അവിടെ പോലീസ് എത്തിക്കഴിഞ്ഞിരുന്നു. തോക്ക് ചൂണ്ടിയാണ് അവര്‍ എന്നെ അറസ്റ്റ് ചെയ്യുവാണെന്ന് പറഞ്ഞത്. ശരിക്കും അപ്രതീക്ഷിതമായ ഒന്ന്. കേട്ടാല്‍ ഒരു സിനിമാക്കഥ പോലെയേ തോന്നൂ…. പിന്നീട് സംഭവിച്ചത് എന്നെ നേരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതാണ്. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ അവരുടെ കൂടെ ആ മാസികയുടെ എഡിറ്ററുമുണ്ടായിരുന്നു.