‘ഇന്റര്‍വെല്‍ പോലും വേണ്ടി ഇരുന്നില്ല എന്ന് തോന്നി പോയ സിനിമ’ കുറിപ്പ്

പക്കാ ആക്ഷന്‍ ചിത്രമാണെന്ന ടാഗ്‌ലൈനില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു കാര്‍ത്തി നായകനായെത്തിയ കൈദി. നോ റൊമാന്‍സ് ഫുള്‍ ആക്ഷന്‍ എന്ന വാക്ക് പാടേ പാലിച്ചാണ് ചിത്രം എത്തിയത്. എന്നാല്‍ അറപ്പുളവാക്കുന്ന ചോരക്കളമാക്കി സ്‌ക്രീനിനെ മാറ്റുകയും ചെയ്തില്ല എന്നുള്ളിടത്താണ് കൈദിയുടെ വിജയം. നല്ല സ്റ്റോറി ലൈനും പിടിച്ചിരുത്താന്‍ പാകത്തിനുള്ള തിരക്കഥയുമാണ് പതിവു മസാലകള്‍ ഇല്ലാത്ത ടിപ്പിക്കല്‍ തമിഴ് പടം അല്ലാതിരുന്നിട്ടും കൈദിയെ പ്രേക്ഷകര്‍ക്കും വിമര്‍ശകര്‍ക്കും ഒരുപോലെ പ്രിയമാക്കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഏതെങ്കിലുമൊക്കെ സിനിമ കണ്ടിട്ട് നിങ്ങളിലെ പ്രേക്ഷകന്‍ ആഗ്രഹിച്ചിട്ടുണ്ടോ ഈ സിനിമ തീരാതിരുന്നെങ്കില്‍ ഇന്റര്‍വെല്‍ പോലും വേണ്ടി ഇരുന്നില്ല എന്ന് തോന്നിപ്പിച്ച സിനിമകള്‍? അത്തരത്തില്‍ ഒന്നാണ് എനിക്ക് കൈതി എന്ന സിനിമയെന്ന് പറഞ്ഞാണ് രാഗീത് ആര്‍ ബാലന്റെ കുറിപ്പ്.

ലോഗേഷ് കനകരാജ് എന്ന എഴുത്തുകാരനും ടെക്നീഷ്യനും അയാളുടെ റേഞ്ച് എന്തെന്ന് കാട്ടി തന്ന ത്രില്ലര്‍. ഓരോ ഷോട്ടിലും ഇരുട്ടിന്റെ സൗന്ദര്യവും ഭീകരതയും നിറയുന്ന ഒരു സീനില്‍ നിന്നും അടുത്തതിലേക്കുള്ള ചുവടുമാറ്റത്തില്‍ പ്രേക്ഷകന്റെ നെഞ്ചിടിപ്പുയര്‍ത്തിയ സിനിമ. കാര്‍ത്തി എന്ന നടനും താരവും ഒരേ പോലെ അത്ഭുതപ്പടുത്തിയ സിനിമ.

നായികയോ, പാട്ടോ ഇല്ലാത്ത സിനിമ.ഒരൊറ്റ രാത്രിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വന്നു പോകുന്ന കുറെ കഥാപാത്രങ്ങളെ എത്ര ഗംഭീരമായി കോര്‍ത്ത് വച്ച് കൊണ്ടാണ് ലോകേഷ് കഥ പറഞ്ഞത്. കാര്‍ത്തി അവതരിപ്പിച്ച ദില്ലിയുടെ ഫ്‌ലാഷ് ബാക്ക് സീനുകള്‍ ഒന്നും കാണിക്കാതെ തന്നെ ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ദില്ലിയുടെ മുഖത്തേക്ക് ഒരൊറ്റ ക്ലോസപ്പ് ഷോട്ടില്‍ കൂടി കുറഞ്ഞ മിനുട്ടുകള്‍ കൊണ്ട് അയാളുടെ ഭൂതകാലം വൈകാരികമായി പറഞ്ഞ ഒരു രംഗമുണ്ട് സിനിമയില്‍.. അതിഗംഭീരം ആണ് അതെന്നും കുറിക്കുന്നു.

ഫാമിലി പ്രേക്ഷകര്‍ക്ക് വേണ്ടി കുറച്ച് കോമഡി മാസ് ഹീറോക്ക് വേണ്ടി കുറച്ച് റൊമാന്‍സ് പിന്നെ അവിടെ ഇവിടെ രണ്ട് പാട്ട് എന്നിങ്ങനെ മാര്‍ക്കറ്റിനെ തൃപ്തി പെടുത്താനായി ഉണ്ടാക്കിയെടുത്ത തിരക്കഥ ആയിരുന്നില്ല കൈതിയുടേത്. കാര്‍ത്തി, ക്യാമറ, ബിജിഎം, നരേന്‍, കൂടെയുള്ള പയ്യന്‍, സ്റ്റേഷനിലെ പോലീസ്‌കാരന്‍, വില്ലന്റെ ശബ്ദം, അവസാനതെ വെടിക്കെട്ട് പിന്നെ പ്രകമ്പനം കൊള്ളിക്കുന്ന സംഘട്ടനങ്ങള്‍ എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ അടങ്ങി നല്ല ഒന്നാന്തരം സിനിമ അതായിരുന്നു കൈദി.ഇന്റര്‍വെല്‍ പോലും വേണ്ടി ഇരുന്നില്ല എന്ന് തോന്നി പോയ സിനിമയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi