‘ഇതെന്ത് അവസ്ഥയാണ്. നാളെ നമുക്കെതിരെയും ഇതുപോലെ ഗൂഢാലോചന കേസ് എടുക്കുന്ന അവസ്ഥയുണ്ടാകും’ രാഹുല്‍ ഈശ്വര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കം ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

ഇത് ശ്രി ദിലീപിന്റെ മാത്രം വിജയമല്ല, ഓരോ വ്യക്തിയുടെയും മനുഷ്യന്റെയും ഈ നാട്ടില്‍ നിയമം നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും വിജയമാണ്. പൊതുബോധത്തിന് മുകളില്‍ നീതിബോധം നേടിയ വിജയമാണിത്. പൊതുബോധത്തിന്റെ പേരില്‍ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുന്നു ഇത്രയും കാലം. പൊലീസും പ്രോസിക്യൂഷനും മാധ്യമങ്ങളും ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടി.

ഇന്നത്തെ കോടതി വിധിയോടെ അവര്‍ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. ഇതിനര്‍ഥം കോടതി, ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചെന്നല്ല. പക്ഷേ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി ദിലീപ് അടുത്തെത്തി എന്ന് വേണം കരുതാന്‍.

കോടതിയോട് അവസാനം പ്രോസിക്യൂഷന്‍ സഹികെട്ട് പറഞ്ഞു, പൊതുജനത്തിന്റെ വിശ്വാസം കാക്കാന്‍ കോടതി ജാമ്യം അനുവദിക്കരുതെന്ന്. ഇതെന്ത് അവസ്ഥയാണ്. നാളെ നമുക്കെതിരെയും ഇതുപോലെ ഗൂഢാലോചന കേസ് എടുക്കുന്ന അവസ്ഥയുണ്ടാകും.

ഒരുകാര്യം ഓര്‍ക്കുക, നമ്മളെല്ലാം ആക്രമണത്തിന് ഇരയായ നടിക്കൊപ്പം തന്നെയാണ്. അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കുക തന്നെ വേണം. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാത്ത ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന് വിചാരിക്കുന്ന ചിലര്‍ക്ക് കിട്ടിയ ശക്തമായ തിരിച്ചടിയാണ് ഈ ജാമ്യം.

ബാലചന്ദ്രകുമാര്‍ ദിലീപിനെ കുടുക്കാനാണ് ശ്രമിച്ചത്. അതിന്റെ തെളിവുകള്‍ ഓഡിയോ ക്ലിപ്പായി നമ്മള്‍ കേട്ടു. ദിലീപിന്റെ കുടുംബത്തിലെ എല്ലാവരെയും ഈ കേസില്‍ വലിച്ചിഴച്ചു. ഇവിടെ കോടതിയെ സല്യൂട്ട് ചെയ്യുന്നു.

നാല് വശത്തു നിന്നും കോടതിയെ ആക്രമിച്ചിട്ടും നീതിപൂര്‍വമായ വിധി അനുവദിച്ചു. അത് കോടതിയുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുന്നു. നാളെ നമുക്കും നീതി ലഭിക്കും എന്നതിന്റെ തെളിവാണ്. കോടതികള്‍ക്കൊരു ബിഗ് സല്യൂട്ട്- രാഹുല്‍ പ്രതികരിച്ചു.