ആ കോള്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ ദുബായില്‍ എത്തിയേനെ-രാജേഷ് മാധവന്‍

Follow Us :

അണിയറപ്രവര്‍ത്തകനായി മലയാള സിനിമയിലേക്ക് ചുവടുവച്ച് നടനായും അസിസ്റ്റന്റ് ഡയറക്ടറായും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് രാജേഷ് മാധവന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ മുഖം കാണിച്ചാണ് താരം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ചെറിയ സീന്‍ ആയിരുന്നെങ്കിലും ആരാധകരുടെ മനസ്സില്‍ ഇടംപിടിയ്ക്കാന്‍ താരത്തിനായി. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷന്‍ എന്ന കഥ്പാത്രമാണ് നടനെന്ന നിലയില്‍ രാജേഷിനെ ജനപ്രിയനാക്കിയത്. ആരാധകര്‍ ഏറ്റെടുത്ത സുരേഷന്റെയും സുമലത ടീച്ചറുടേയും പ്രണയം ഇപ്പോള്‍ വീണ്ടും തിയ്യേറ്ററിലേക്ക് എത്താനിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ സിനിമാ യാത്രയെ കുറിച്ച് രാജേഷ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നടനാവാന്‍ ആഗ്രഹിച്ചിട്ടല്ല താന്‍ സിനിമയിലേക്ക് എത്തിയതെന്ന് താരം പറയുന്നു. അണിയറപ്രവര്‍ത്തകനാവാനായിരുന്നു ആഗ്രഹം.

അഭിനേതാവാകാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്യാം പുഷ്‌കരന്‍ മഹേഷിന്റെ പ്രതികാരത്തിലേക്ക് വിളിച്ചപ്പോള്‍ സന്തോഷമുണ്ടായിരുന്നില്ല. പക്ഷേ അഭിനയമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് മനസിലായി. ആ സമയത്ത് മറ്റ് വരുമാനമില്ലായിരുന്നു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ജോലി ഇല്ലാതായതോടെ ദുബായില്‍ പോകാനിരിക്കുകയായിരുന്നു.

ആ സമയത്താണ് തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലേക്ക് ദിലീപ് പോത്തന്‍ വിളിക്കുന്നത്. അസിസ്റ്റ് ചെയ്യാനാണ് പോത്തണ്ണന്‍ വിളിച്ചത്. കാസര്‍കോടുകാരന്‍ ആയതിനാലാണ് അദ്ദേഹം തന്നെ ചിത്രത്തിലേക്ക് വിളിച്ചത്. ഇല്ലായിരുന്നെങ്കില്‍ താന്‍ വിദേശത്ത് പോകുമായിരുന്നെന്നും രാജേഷ് മാധവന്‍ പറയുന്നു.