നടിയും മോഡലുമായ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാത്സംഗ കേസ്. രാഖി സാവന്ത് നല്കിയ വഞ്ചനാ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേയാണ് ആദിലിനെതിരെ ബലാത്സംഗ കേസെടുത്തിരിക്കുന്നത്. ഇറാനിയന്‍ യുവതിയുടെ പരാതിയിലാണ് മൈസൂരിലെ വിവി പുരം പോലീസ് ബലാത്സംഗ കേസെടുത്തത്. തുടര്‍ന്ന് എഫ്.ഐ.ആര് ഫയല്‍ ചെയ്തു.
മൈസൂരില്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നാണ് ഇറാനിയന്‍ യുവതിയുടെ ആരോപണം. വിവാഹം കഴിക്കാമെന്ന് അഞ്ച് മാസം മുമ്പ് പറഞ്ഞപ്പോള്‍ ആദില്‍ നിഷേധിച്ചെന്നും മറ്റ് ചില സ്ത്രീകളുമായി സമാനരീതിയിലുള്ള ബന്ധം പുലര്‍ത്തുന്നുണ്ടെന്നുമാണ് പറഞ്ഞതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു.
14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആദിലിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ പ്രഥമ വിവര റിപ്പോര്‍ട്ടാണ്. ഐപിസി 376 പ്രകാരമാണ് ആദിലിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അയച്ച ശേഷം കേസുകൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഐ.പി.സി 376-നു പുറമേ 417, 420, 504, 506 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ആദിലിനെതിരെ മൈസൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെതിരെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി എത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചത്. തന്റെ അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടി നല്കിയ പണം ആദില്‍ അതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെന്നും രാഖി ആരോപിച്ചിരുന്നു. കൂടാതെ ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.
അടുത്തിടെയാണ് താരം മൈസൂര്‍ സ്വദേശിയായ ആദിലുമായി വിവാഹം കഴിഞ്ഞെന്ന് അറിയിച്ചിരുന്നത്. വിവാഹശേഷം പേരുമാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷം മാസങ്ങള്‍ക്കിപ്പുറം കേള്‍ക്കുന്നത് ആദിലിനെതിരെ ഗുരുതര ആരോപണങ്ങളും പോലീസ് കേസുമാണ്.