റിയൽ മാന്നാർ സ്‌ക്വാഡ്; ത്രില്ലർ കഥ പറഞ്ഞ് കേരള പോലീസ്

ഇപ്പോൾ സൂപ്പർ ഹിറ്റായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് കണ്ണൂർ സ്ക്വാഡ്. കുറ്റവാളികളെ പിടിക്കാൻ വേണ്ടി അവർക്ക് പിന്നാലെ പോകുന്ന ഒരു പോലീസ് സംഘത്തിന്റെ ത്രില്ലിം​ഗ് കഥയാണ് സിനിമ പറയുന്നത്.എന്നാൽ ഇനി ഇവിടെ പറയാൻ പോകുന്നത് മാന്നാർ സ്ക്വാഡിനെ കുറിച്ചാണ്. ത്രില്ലർ സിനിമകളെ പോലും വെല്ലുന്ന രീതിയിൽ അന്വേഷണം നടത്തിയ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള പൊലീസിന്‍റെ ‘മാന്നാർ സ്ക്വാഡ്. സമൂഹമാധ്യമങ്ങളിലൂടെ കേരളാ പോലീസ് തന്നെയാണ് തങ്ങളുടെ കഥ പറഞ്ഞത്.  ബൈൽ ഫോൺ ഉപയോഗിക്കാതെ ഉത്തർപ്രദേശിൽ നിന്ന് മാന്നാർ എത്തി വൻ കവർച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ എത്തി പിടികൂടുകയായിരുന്നു. മാന്നാറിലെ പ്രവാസി വ്യവസായിയുടെയും സമീപത്തെ ഡോക്ടറുടെയും വീട്ടിൽ  നിന്ന് സ്വർണ്ണാഭരണങ്ങളും  പണവും വിലയേറിയ വാച്ചുകളുമായാണ് പ്രതികൾ കേരളം വിട്ടത്. മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആർ അടക്കം പ്രതികൾ കൊണ്ടുപോയി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടന്ന രാത്രി മൂന്നു പേർ കവർ തൂക്കിപ്പിടിച്ചു തിരക്കിട്ടു പോകുന്നതു കണ്ടു. എന്നാൽ, കുറച്ചു ദൂരെയുള്ള ക്യാമറകളിൽ ഇവരെ കാണുന്നുമില്ല. അതിൽ നിന്നാണ്  ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി ആരിഫിലേയ്ക്ക് അന്വേഷണമെത്തുന്നത്. തുടർന്ന് ആരിഫിന്റെ ബന്ധു റിസ്വാൻ സെഫിയിലേയ്ക്കും കൂട്ടാളിയായ മുഹമ്മദ് സൽമാനിലേയ്ക്കും അന്വേഷണമെത്തി. മോഷണം നടത്തിയ ശേഷം മുഹമ്മദ് സൽമാൻ ഉത്തർപ്രദേശിലേക്കും  റിസ്വാൻ ഹൈദരാബാദിലേക്കും കടന്നു. എന്നാൽ ആരിഫ് ബാർബർ ഷോപ്പിൽ തന്നെ തുടർന്നു. ദില്ലിയിൽ എത്തിയ അനേഷണ സംഘം ശിവാലകലാൻ എന്ന ഗ്രാമത്തിലാണ് മുഹമ്മദ് സൽമാൻ ഉള്ളതെന്ന്  മനസ്സിലാക്കി. വിശാലമായ കരിമ്പിൻ തോട്ടത്തിനുള്ളിൽ ഒരു ആഡംബര വസതിയിലാണ് പ്രതിയുടെ താമസം. പൊലീസിനെ കണ്ട സൽമാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്നു പിടികൂടി. യു പി പൊലീസിന്‍റെ സഹായവും ലഭിച്ചു. ഇതേസമയം, തന്നെ മറ്റൊരു സംഘം ഹൈദരാബാദിൽ നിന്ന് റിസ്വാനെ പിടികൂടി.

ബാർബർ ഷോപ്പിൽ നിന്ന് ആരിഫിനെയും  കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മുഹമ്മദ് സൽമാൻ,  ആരിഫ്,  റിസ്വാൻ  എന്നിവരെ കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവിൽ നിന്നും ആരിഫിനെ മാന്നാറിൽ നിന്നുമാണ് പിടികൂടിയത്. സൽമാനെ ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തിൽ എത്തിക്കുകയായിരുന്നു. പിടികൂടിയ പ്രതികളിൽ ആരിഫിനെയും റിസ്വാനേയും തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുവന്ന പൊലീസ് ഊട്ടുപറമ്പ് സ്കൂളിന് വടക്കുള്ള കാടുപിടിച്ച പുരയിടത്തിൽ നിന്നും മോഷണം നടന്ന വീടുകളിലെ നഷ്ടപ്പെട്ട സി. സി.ടി.വിയുടെ ഡി.വി.ആറും വിലപിടിപ്പുള്ള വാച്ചുകളും, സ്വർണ്ണമാലയും കണ്ടെടുത്തു.പ്രത്യേക അന്വേഷണസംഘത്തിൽ മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യു, എസ്ഐമാരായ അഭിരാം സിഎസ്, സുധീപ്, മോഹൻകുമാർ, ക്രൈം ബ്രാഞ്ച് എഎസ്ഐ സുധീർ, എഎസ്ഐ മധു, സീനിയർ സിപിഒ മാരായ ഉണ്ണിക്കൃഷ്ണപിളള, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്ക്കർ, സാജിദ്, സിദ്ദിഖ് ഉൾ അക്ബർ, സിപിഒ ഹരിപ്രസാദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Sreekumar R