മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില്‍ തിന്നു ജീവിക്കുന്നവര്‍ അല്ല!! വിയര്‍പ്പ് ഒപ്പി തന്നെയാണ് ജീവിക്കുന്നത്-അഖില്‍ മാരാരോട് രഞ്ജു രഞ്ജിമാര്‍

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശത്തോടെ പുരോഗമിയ്ക്കുകയാണ്. ഷോയിലെ ശക്തമായ മത്സരാര്‍ഥിയായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ്. എവിക്ഷനിലൂടെ ജാന്‍മണി പുറത്തായിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ് ബിഗ് ബോസ് സീസണ്‍ വിജയി അഖില്‍ മാരാര്‍ ജാന്‍മണിയ്‌ക്കെതിരെ വളരെ മോശം രീതിയില്‍ പ്രതികരിച്ചത് വിവാദമായിരിക്കുകയാണ്.

സിനിമ താരങ്ങളുടെ വിയര്‍പ്പ് ഒപ്പി നടക്കുന്നവര്‍ ആണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എന്നായിരുന്നു അഖില്‍ മാരാരുടെ വിവാദ പരാമര്‍ശം. കുറച്ചുനാളുകള്‍ക്കു മുന്‍പ് ജാന്‍മണി ഇട്ട വീഡിയോയുടെ താഴെയായിരുന്നു ആര്‍ട്ടിസ്റ്റുകളെ അധിക്ഷേപിച്ച് അഖില്‍ മാരാര്‍ എത്തിയത്. പിന്നാലെ അഖില്‍ മാരാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. വീഡിയോയിലെത്തിയാണ് രഞ്ജു അഖിലിനുള്ള മറുപടി നല്‍കിയത്.

‘അഖില്‍ മാരാര്‍ ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില്‍ തിന്നു ജീവിക്കുന്നവര്‍ അല്ല. കഷ്ടപ്പെട്ടു തന്നെയാണ് ജീവിക്കുന്നത്. കിട്ടിയ ട്രോഫിയുടെ വില മനസ്സിലാക്കൂ. എന്തും പറയാം എന്ന ഒരു വിചാരം വേണ്ട. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ അടിസ്ഥാനരഹിതമാകരുത്.. എന്നു പറഞ്ഞാണ് രഞ്ജുവിന്റെ വീഡിയോ.

‘പ്രശസ്ത ബിഗ് ബോസ് താരം അഖില്‍ മാരാര്‍ പറഞ്ഞ കാര്യം കേരളത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ്. അത് എന്തുമായിക്കോട്ടെ. ഒരു പ്രസ്താവനയിലൂടെ നമ്മളൊരു പ്രശ്നം ഉന്നയിക്കുമ്പോള്‍ അവരുടെ കുടുംബജീവിതത്തെ പറ്റിയോ അവരുടെ തൊഴില്‍മേഖലയെ പറ്റിയോ അല്ല പറയേണ്ടത്. അതിന് വ്യക്തമായ ഉത്തരം കൊടുക്കുകയാണ് അഖില്‍ മാരാര്‍ ചെയ്യേണ്ടിയിരുന്നത്.
Renju rejimar4
അഖില്‍ മാരാര്‍ക്ക് ഞാന്‍ പേഴ്സണലായിട്ടൊരു മെസേജ് അയച്ചിരുന്നു. അത് കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. ഞാനുള്‍പ്പെടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇതുപോലെ വെയിലത്തും മഴയത്തും കാറ്റത്തുമൊക്കെ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പ് ഒപ്പി തന്നെയാണ് ജീവിക്കുന്നത്. ഒരു തൊഴിലിനെയാണ് നിങ്ങള്‍ അടിച്ചമര്‍ത്തി ആക്ഷേപിച്ചിരിക്കുന്നത്. താങ്കളോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്’എന്നാണ് രഞ്ജു പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ജാന്‍മണിയുടെ ഒരു വീഡിയോയുടെ താഴെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അഖില്‍ മാരാര്‍ കമന്റിട്ടത്. ‘ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങും മുന്‍പ് ശോഭ എന്നോട് പറഞ്ഞിരുന്നു, അവളുടെ ഒരു കുട്ടി സീസണില്‍ ഉണ്ടെന്ന്. പേര് ജാനു, ആ ജാനുവാണോ ഈ ജാനു. വീഡിയോ വന്നതില്‍ വളരെ സന്തോഷം. പിന്നെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കാന്‍ ഞാന്‍ ദാസ് അല്ല, അയ്യോ പറഞ്ഞത് പോലെ ജാന്‍മാണി ആരാണ്, ബിസിനസ് ക്ലാസ് ആണല്ലോ. സിനിമ സെറ്റില്‍ ചെന്നാല്‍ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പ് തൂത്ത് നടക്കുന്ന മണിക്ക് ആ സിനിമ ഉണ്ടാക്കി എടുക്കുന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും ഏഴയലത്ത് നില്‍ക്കാനുള്ള യോഗ്യത ഉണ്ടോ?

വല്ലവളും പറയുന്നത് കേട്ട് തുള്ളാന്‍ നിക്കരുത്. നീ കാരണം കേരളത്തില്‍ അപമാനിക്കപ്പെട്ടത് ട്രാന്‍സ് കമ്മ്യൂണിറ്റി കൂടിയാണ്. ആര്‍ട്ടിസ്റ്റുകളുടെ എച്ചില്‍ തിന്ന് ജീവിക്കുന്നവളുടെ ക്ലാസ് കൊണ്ട് എന്റെയടുത്ത് വന്നാല്‍ തപ്പി തടഞ്ഞ് പറയുന്ന മലയാളം പോലും പിന്നെ വായില്‍ നിന്നും വരില്ല’, എന്നായിരുന്നു അഖില്‍ മാരാരുടെ വിവാദ കമന്റ്.