‘ഒറ്റമുറി വാക്കുമായി’ രോമാഞ്ചത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് രോമഞ്ചം. നവാഗതനായ ജിത്തു മാധവന്‍ രചനയും, സംവിധാനവും നിര്‍വഹിച്ച് സിനിമ ഫെബ്രുവരി 3 നാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം ലഭിച്ച സിനിമ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഒറ്റമുറി വാക്കുമായി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുശിന്‍ ശ്യാമാണ്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. മാര്‍ച്ച് രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൊറര്‍ കോമഡി വിഭാഗത്തിലെത്തിയ ചിത്രമാണ് രോമാഞ്ചം. ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

സുശിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് രോമഞ്ചം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയവും ചിരിയുമായിട്ടാണ് ചിത്രം പുരോഗമിക്കുന്നത് .