ഗില്ലിയ്ക്ക് പിന്നാലെ സച്ചീനും എത്തുന്നു!!

കോളിവുഡില്‍ റീ റിലീസ് ആവേശമാണ്. ഗില്ലിയ്ക്ക് പിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി വീണ്ടും തിയ്യേറ്ററിലെത്തുകയാണ്. 2005ല്‍ റിലീസ് ചെയ്ത വിജയ് ചിത്രം സച്ചീന്‍ ആണ് വീണ്ടും റിലീസിനൊരുങ്ങുന്നത്. 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ അടുത്ത വര്‍ഷം ഏപ്രില്‍ ചിത്രം തിയ്യേറ്ററിലെത്തും.

വിജയ് ചിത്രം ഗില്ലി ഉണ്ടാക്കിയ ഓളം കണക്കിലെടുത്ത് ഗംഭീര പ്രൊമോഷനാണ് ചിത്രത്തിനും നിര്‍മാതാക്കള്‍ ഒരുക്കുന്നത്. കോളിവുഡില്‍ ഇതിനോടകം നിരവധി ചിത്രങ്ങള്‍ റീ റലീസ് ചെയ്തിട്ടുണ്ട്. ഗില്ലിയ്ക്ക് ലഭിച്ച സ്വീകാര്യത മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല.

റീ റിലീസില്‍ 30 കോടി ക്ലബില്‍ ഗില്ലി ഇടം നേടിയിരുന്നു. 320 തിയേറ്ററുകളിലാണ് ഗിലില്ലി റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലൊരുങ്ങിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‌യുടെ ആദ്യ ചിത്രം കൂടിയായി. 200 ദിവസത്തിലധികമാണ് ഗില്ലി തിയ്യേറ്ററില്‍ പ്രദര്‍ശനം നടത്തിയത്. വിജയിയുടെ താരമൂല്യം ഉയര്‍ത്തിയതും ചിത്രമാണ്.

2005 ഏപ്രില്‍ 14-നാണ് സച്ചീന്‍ തിയ്യേറ്ററിലെത്തിയത്. വിജയും നടി ജെനീലിയ ഡിസൂസയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. വിജയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പരസ്പരം സ്‌നേഹം കണ്ടെത്തുന്ന രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സച്ചീന്‍. സിനിമയില്‍, സച്ചീന്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് എല്ലാം ചെയ്യുന്ന ഒരു അശ്രദ്ധനായ ഒരു യുവാവിനെയാണ് അവതരിപ്പിക്കുന്നത്. ജെനീലിയ ഫാഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിനെയാണ് അവതരിപ്പിച്ചത്. ജോണ്‍ മഹേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്.