Categories: Film News

’80 ലക്ഷം ഒറ്റയടിക്ക് നഷ്ടം, 25 എപ്പിസോഡുകൾ എടുത്ത് കളയേണ്ട അവസ്ഥയുണ്ടായി’; ഹിറ്റ് പരമ്പരയെ കുറിച്ച് വെളിപ്പെടുത്തൽ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി മനസിൽ ഇടം നേടിയ താരമാണ് സാജൻ സൂര്യ. താരത്തിന്റെ ​ഗീത ​ഗോവിന്ദം എന്ന സീരിയൽ ഇപ്പോൾ ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്. വളരെ വേ​​ഗം തന്നെ പ്രേക്ഷകർ ഈ പരമ്പര ഏറ്റെടുത്തു കഴിഞ്ഞു. ഇതിനിടെ പരമ്പരയിലെ നായികയായ ബിന്നി സെബാസ്റ്റ്യനുമൊത്തുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടുകളും വൈറലായിരുന്നു. മഴയിൽ നനഞ്ഞ് പ്രണയിക്കുന്ന യുവമിഥുനങ്ങളായാണ് അടുത്തിടെ ഒരു ഫോട്ടോഷൂട്ടിൽ ഇരുവരും എത്തിയത്.

എന്നാൽ, ​ഗീത ​ഗോവിന്ദത്തെ കുറിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് സാജൻ സൂര്യ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. പരമ്പരയുടെ ആദ്യത്തെ 25 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യാതെ എടുത്ത് കളയേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് സാജൻ സൂര്യ പറയുന്നു. ‘ഗീത ഗോവിന്ദത്തിന്റെ നിർമാതാവിന് തുടക്കത്തിൽ തന്നെ 25 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യാതെ എടുത്ത് കളയേണ്ട അവസ്ഥയുണ്ടായി. അന്ന് ബിന്നിയായിരുന്നില്ല മറ്റൊരു നായികയായിരുന്നു. നായികയുടെ കുഴപ്പം കൊണ്ടല്ല എപ്പിസോഡ് ഡിലീറ്റ് ചെയ്തത്. നായികയും ഞാനും തമ്മിൽ പ്രായം വ്യത്യാസം വലുതായി തോന്നാത്തതുകൊണ്ട് ചാനലിൽ നിന്നും നായകനേയോ നായികയേയോ മാറ്റി പുതിയ ആളെ കാസ്റ്റ് ചെയ്യാൻ നിർദേശം വന്നു’ – താരം പറഞ്ഞു.

‘സീരിയൽ രംഗത്ത് എക്സ്പീരിയൻസിന്റെ സെന്റിമെൻസ് ഒന്നും ഇല്ല. നായകനേയോ നായികയേയോ മാറ്റി പുതിയ ആളെ കാസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അല്ലാതെ സാജൻ സൂര്യയെ നിലനിർത്താനൊന്നും പറഞ്ഞിട്ടില്ല. സൂപ്പർസ്റ്റാറാണ്, മമ്മൂട്ടിയാണ് എന്നൊന്നും അവർക്കില്ല. സീരിയലിൽ സൂപ്പർസ്റ്റാർ എന്നൊരു സാധനമില്ല. അവസാനം നായികയെ മാറ്റിയതിനാൽ 25 എപ്പിസോഡ് റീഷൂട്ട് ചെയ്യേണ്ടി വന്നു. 80 ലക്ഷം രൂപ നിർമാതാവിന് നഷ്ടമായി. അത് തിരികെ നിർമാതാവിന് കിട്ടണമെങ്കിൽ എങ്ങനെ പോയാലും 700 എപ്പിസോഡ് കഴിയണം. അതുകൊണ്ടാണ് നമ്മൾ കഷ്ടപ്പെട്ട് നിർമാതാവിന് ഒപ്പം നിൽക്കുന്നത്. ഇത്രയും നഷ്ടം വന്നിട്ടും നിർമാതാവ് ഞങ്ങൾക്ക് ചെയ്ത് തരുന്ന സൗകര്യങ്ങൾക്ക് കുറവുണ്ടായിട്ടില്ല’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Ajay Soni