അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ് സജിന്‍ ഗോപുവിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അനശ്വര രാജനാണ് ചിത്രത്തില്‍ നായികയാവുന്നത്. സജിന്‍ ഗോപു ആദ്യമായി നായകനാവുന്ന ചിത്രമാണ്.

രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 10നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

ആഷിഖ് അബു, ദിലീഷ് പോത്തന്‍, ജിതു മാധവന്‍ എന്നിവരുടെ ശിഷ്യനായിരുന്നു
ശ്രീജിത്ത് നായര്‍. ആര്‍ഡിഎക്സ് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായും ശ്രീജിത്ത് തിളങ്ങിയിരുന്നു.

ആവേശത്തിലെ രങ്കന്‍ ചേട്ടന്റെ വലംകൈയായിരുന്നു അമ്പാടി എന്ന വിളിപ്പേരുള്ള അമ്പാന്‍. വലിയ പ്രശംസയാണ് ചിത്രം സജിന് നേടിക്കൊടുത്തത്. ചെറിയ വേഷങ്ങളിലൂടെ സിനിയില്‍ അരങ്ങേറ്റം കുറിച്ച സജിന്‍ ചുരുളി, ജാന്‍ എ. മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മാത്രമല്ല ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തില്‍ വില്ലനായിട്ടാണ് സജിന്‍ ഗോപു എത്തുന്നത്.