‘ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകള്‍ അവരുടെ അംഗങ്ങളുെട പ്രശ്‌നങ്ങള്‍ മാത്രമേ കേള്‍ക്കൂ.’- സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയപ്പെട്ട നിര്‍മ്മാതാവാണ് സാന്ദ്രാ തോമസ്. ഇടയ്‌ക്കൊരു ബ്രേക്കെടുത്തെങ്കിലും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സാന്ദ്ര. ഇപ്പോഴിതാ സിനിമാ നിര്‍മാണ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മനസു തുറക്കുകയാണ് താരം.…

മലയാളികളുടെ പ്രിയപ്പെട്ട നിര്‍മ്മാതാവാണ് സാന്ദ്രാ തോമസ്. ഇടയ്‌ക്കൊരു ബ്രേക്കെടുത്തെങ്കിലും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സാന്ദ്ര. ഇപ്പോഴിതാ സിനിമാ നിര്‍മാണ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മനസു തുറക്കുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു നിര്‍മാതാവായി വളര്‍ന്നുവന്നപ്പോഴും ഇപ്പോള്‍ തിരിച്ചു വരുമ്പോഴും ഞാന്‍ മനസ്സിലാക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നം ആളുകളെ കൈകാര്യം ചെയ്യുന്ന വിധമാണ്.

ഏറ്റവുമധികം പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമ. ഞാനൊരു സ്ത്രീയാണെന്ന് ഇതുവരെ എവിടെയും സ്വയം കാണിച്ചിട്ടില്ല. സിനിമ മേഖലയില്‍ ഒരു സ്ത്രീക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ പരാതിയുമായി ചെല്ലുന്ന അസോസിയേഷനുകളില്‍ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നത് പുരുഷന്മാരാണ്. പ്രധാനപ്പെട്ട ഒരു സംഘടനയിലും സ്ത്രീക്ക് പ്രാധാന്യമുള്ള റോളുകളില്ല. ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകള്‍ അവരുടെ അംഗങ്ങളുെട പ്രശ്‌നങ്ങള്‍ മാത്രമേ കേള്‍ക്കൂ. എല്ലാ സ്ത്രീകളുടെയും പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടാറില്ല. പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കുവാന്‍ പലപ്പോഴും സാധിക്കുന്നില്ല. നമ്മുടെ സമൂഹത്തിലെ പുരുഷന്മാര്‍ പുരോഗമനപരമായി മാറിയിട്ടുണ്ട് ഇപ്പോള്‍. പക്ഷേ, സിനിമാ മേഖലയിലുള്ള പുരുഷന്മാര്‍ 10-30 വര്‍ഷം പിറകിലാണിപ്പോഴും. സ്ത്രീകളെന്നാല്‍ അടിമകള്‍ എന്നാണവര്‍ ഇപ്പോഴും കരുതുന്നത്. ഒരു കാര്യം സാധിച്ചു കിട്ടുവാന്‍ നമ്മള്‍ കെഞ്ചിപ്പറയണം എന്ന അവസ്ഥ.

2011 ല്‍ ഈ രംഗത്ത് എത്തിയ ആളാണ് ഞാന്‍. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പ്രത്യേകിച്ചൊരു മാറ്റവും ഇവിടെ ഉണ്ടായിട്ടില്ല. പുരുഷമേധാവിത്വം ഉണ്ട് എന്ന് പറയുമ്പോഴും അവര്‍ സ്ത്രീയെ ഭയക്കുന്നുമുണ്ട്. ഒരു വനിതാ പ്രവര്‍ത്തക പരാതിയുമായി രംഗത്തെത്തിയാല്‍ അവളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ്. ‘തനിച്ചാക്കി വെടക്കാക്കുക’ എന്നൊക്കെ നമ്മള്‍ നാട്ടു ഭാഷയില്‍ പറയാറില്ലേ. എനിക്കും അത്തരം അനുഭവങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നൊന്നും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ഈ രീതികള്‍ക്കൊക്കെ ഒരു മാറ്റം വരണം. കൂടുതല്‍ സ്ത്രീകള്‍ സിനിമയുടെ വിവിധ മേഖലകളിലേക്ക് വന്നാല്‍ മാത്രമേ ഈ മാറ്റം സാധ്യമാകൂവെന്നും സാന്ദ്ര പറയുന്നു.