പിണങ്ങി ബ്രേക്ക് അപ്പ് ആയതല്ല ഞങ്ങള്‍, ഞങ്ങള്‍ക്കാവശ്യമുള്ളത് തിരഞ്ഞെടുത്തു-സാനിയ ഇയ്യപ്പന്‍

റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പന്‍ സിനിമാലോകത്തേക്ക് എത്തുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ നടി ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ഡാന്‍സര്‍ നകുല്‍ തമ്പിയുമായുള്ള സാനിയയുടെ പ്രണയവും ബ്രേക്ക് അപ്പുമൊക്കെ എല്ലാവര്‍ക്കും അറിയാം. അതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടി ഇപ്പോള്‍

സാനിയയുടെ വാക്കുകള്‍-

രണ്ട് വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട് അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്.
ഒരു പ്രായം എത്തി കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു.

അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ല. എന്റെ എല്ലാ സിനിമകളും കാണും എനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് നകുലാണ്.അവന് ഭയങ്കര സന്തോഷമായിരുന്നു. ആ അവാര്‍ഡ് എനിക്ക് എത്ര പ്രധാനപ്പെട്ടതാണെന്ന് നകുലിന് അറിയാമായിരുന്നു. മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ഷൂട്ടിന്റെ സമയത്താണ് അവന് അപകടം സംഭവിക്കുന്നത്. അന്ന് കൊറോണ തുടങ്ങിയിട്ടില്ല. അപകടം നടന്ന് കുറച്ച് കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
കാണാന്‍ പോകാന്‍ പറ്റിയിട്ടില്ല കുറേ പേര്‍ ചോദിക്കാറുണ്ട്. അവനിപ്പോഴും നന്നായി ഇരിക്കുന്നു. അധികം വൈകാതെ തന്നെ അവന്‍ തിരിച്ച് വരും. എല്ലാവരും നകുലിനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്.