Film News

ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്!!! സാനിയ

മലയാളത്തിന്റെ പ്രിയ താരമാണ് നടി സാനിയ ഇയ്യപ്പന്‍. നൃത്തവേദിയില്‍ നിന്നും സിനിമയിലേക്കെത്തി തന്റേതായ ഇടംകണ്ടെത്തിയ നായികയാണ് സാനിയ.ബാലതാരമായെത്തി 2018ലിറങ്ങിയ ക്വീന്‍ സിനിമയിലൂടെയാണ് സാനിയയുടെ നായികയായുള്ള അരങ്ങേറ്റം.

താരത്തിന്റെ ഒരു വീഡിയോയ്ക്ക് രൂക്ഷമായ പ്രതികരണമാണ് നേടുന്നത്. സെല്‍ഫി എടുക്കാനെത്തിയ ആരാധകനോട് മോശമായി പെരുമാറുന്ന താരത്തിന്റെ വീഡിയോയ്ക്കാണ് സൈബര്‍ ആക്രമണം നേരിടുന്നത്. ആരാധകന്‍ അടുത്തു നില്‍ക്കുമ്പോള്‍ അവജ്ഞയോടെ നീങ്ങിനില്‍ക്കുന്ന നടിയുടെ വീഡിയോക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് നേരിടുന്നത്.

ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് സാനിയ. അബദ്ധവശാല്‍ അങ്ങനെ ചെയ്തതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തൊരു അനുഭവം ഉണ്ടായെന്നും എന്നാല്‍ അത് മനപൂര്‍വം സംഭവിച്ചതല്ല, ആരെയും വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ പ്രവൃത്തികൊണ്ട് ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സാനിയ പറയുന്നു.

‘ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിനുശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും, ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍, ഇതിന്റെ ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസ്സിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്‌തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി.’

അടുത്തിടെ മഞ്ചേരിയില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ആരാധകന്‍ സാനിയയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ സെല്‍ഫിയിലേക്ക് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടി കടന്നു നില്‍ക്കാന്‍ ശ്രമിക്കുന്നു, അതിനിടെയാണ് സാനിയ അനിഷ്ടം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍ വീഡിയോ വൈറല്‍ ആയതോടെ സാനിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആരാധകലോകം രംഗത്തെത്തിയത്.

Anu B