Categories: Film News

മുമ്പിൽ സാറയായിരുന്നു, അനശ്വരയെ കണ്ടില്ല ; ‘നേരി’നെപ്പറ്റി നടൻ ശങ്കർ ഇന്ദുചൂഡൻ

ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മോഹൻലാലിന്റെ ശക്തമായ തിരിച്ച് വരവ്, സാമൂഹിക പ്രസക്തിയുള്ള വിഷയം തുടങ്ങിയ ഘടകങ്ങളാണ് നേരിലേക്ക് പ്രേക്ഷകരെ ആകർഷിച്ചത്. സിനിമ ഇതിനകം 50 കോടി രൂപ കലക്‌ട് ചെയ്തു. നടി അനശ്വര രാജന്റെ പെർഫോമൻസ് നേര് കണ്ട ഏവരും എടുത്ത് പറയുന്നുണ്ട്. നടിയുടെ ഇതുവരെയുള്ള കരിയറിൽ ഏറ്റവും മികച്ച കഥാപാത്രമാണിതെന്ന് ഏവരും പറയുന്നു. സിനിമയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം വില്ലനായ മെെക്കിളാണ്. നടൻ ശങ്കർ ഇന്ദുചൂഡനാണ് മൈക്കിളിനെ അവതരിപ്പിച്ചത്. മികച്ച പ്രക‌ടനം നടൻ കാഴ്ച വെച്ചു. നേരിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശങ്കർ ഇന്ദുചൂഡനിപ്പോൾ. മോഹൻലാൽ-ജിത്തു ജോസഫ് കട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം സിനിമയിലെ വില്ലൻ വരുണുമായി നേരിലെ മൈക്കിളിനെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ശങ്കർ ഇന്ദുചൂഡൻ സംസാരിക്കുന്നു. വരുണും മൈക്കിളും തമ്മിൽ സാമ്യതകളൊന്നുമില്ലെന്ന് ശങ്കർ ഇന്ദുചൂഡൻ പറയുന്നു. സിനിമയുടെ കഥ വെച്ച് നോക്കുമ്പോൾ ഓരോ സംഭവങ്ങളും വ്യത്യസ്തമാണ്. രണ്ട് സിനിമയിലും ലാലേട്ടനുണ്ടെന്നും രണ്ട് സിനിമയും ഹിറ്റാണെന്നത് മാത്രമാണ് സാമ്യതയെന്നും ശങ്കർ ഇന്ദുചൂഡൻ വ്യക്തമാക്കി. മലയാളത്തിലെ ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ  പ്രതികരണം. യഥാർത്ഥ ജീവിതത്തിൽ ശങ്കർ പ്രതിയല്ല, പകരം വക്കീലാണ്.

സിനിമാ തിരക്കുകൾ കാരണം ഇപ്പോൾ ശങ്കർ പ്രാക്ടീസ് ചെയ്യുന്നില്ല. നേരിൽ മോഹൻലാൽ, സിദ്ധിഖ് തുടങ്ങിയവർക്കൊപ്പം അഭിനയിച്ചതിന്റ അനുഭവങ്ങളും ശങ്കർ ഇന്ദുചൂഡൻ പങ്കുവെക്കുന്നുണ്ട്. മോഹൻലാൽ കഥാപാത്രമായി മാറുന്ന ട്രാൻസിഷൻ കൗതുകത്തോടെ താൻ നോക്കി നിന്നിട്ടുണ്ടെന്ന് ശങ്കർ പറയുന്നു. സിദ്ദിഖ് സർ എടുത്ത് പറയേണ്ട കംപ്ലീറ്റ് ആക്ടറാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രമാണ്. വലിയൊരു ലേണിം​ഗ് എക്സ്പീരിയൻസ് ആയിരുന്നു. മിക്ക ദിവസങ്ങളിലും ഇവരുടെ സീക്വൻസ് കഴിയുമ്പോൾ ക്ലാപ്പടി ഉണ്ടാകും. ജ​ഗദീഷ് സാർ നമ്മളെ നന്നായി അഭിനന്ദിക്കും. എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹത്തിന് ക്ലിയർ ആയ ഉത്തരമുണ്ട്. ഞങ്ങളുടെ സർക്കിളിൽ ആരും കാണാൻ സാധ്യതയില്ലാത്ത സിനിമകളെക്കുറിച്ചൊക്ക സംസാരിക്കുമ്പോൾ അദ്ദേഹം ശ്രദ്ധിച്ച് കേൾക്കും. കുറച്ച് കഴിഞ്ഞ് വന്ന് എടാ, അതിലങ്ങനെയല്ല എന്ന് പറയും.

അദ്ദേഹം എല്ലാ സിനിമകളും കാണുന്നുണ്ട്. തിയറ്ററിൽ എല്ലാ സിനിമയും ആദ്യത്തെ ദിവസം തന്നെ കാണുമെന്നും ശങ്കർ ഇന്ദുചൂഡൻ ചൂണ്ടിക്കാട്ടി. സിനിമയുടെ ആത്മാവ് സാറ എന്ന കഥാപാത്രമാണ്. അനശ്വര എന്ന നടി എങ്ങനെയായിരിക്കും എന്ന കൗതുകം ഉണ്ടായിരുന്നു. വളരെയധികം ഹോ വർക്കും പ്രിപ്പറേഷനും ചെയ്താണ് ലൊക്കേഷനിൽ വന്നത്. പെർഫോമൻസ് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നി. മുമ്പിൽ സാറയായിരുന്നു. അനശ്വരയെ കണ്ടില്ലെന്നും ശങ്കർ ഇന്ദുചൂഡൻ വ്യക്തമാക്കി. നേരിലാണ് കൂടുതൽ ജനശ്രദ്ധ ലഭിച്ചതെങ്കിലും ശങ്കർ നേരത്തെയും ചില സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹൃദയം, എടക്കാട് ബറ്റാലിയൻ 06, രക്ഷാധികാരി ബൈജു ഒപ്പ് എന്നിവയാണ് ശങ്കർ ഇന്ദുചൂഡൻ നേരത്തെ അഭിനയിച്ച സിനിമകൾ. നേര് നടന് കരിയറിൽ വഴിത്തിരിവായിരിക്കുകയാണ്. നടന്റെ വരും സിനിമകളിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.

Sreekumar R