സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ‌ ഓർമയായി ;  ആദരാജ്ഞലികൾ അർപ്പിച്ച് സീരിയൽ ലോകം 

നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ജനപ്രിയ സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി അതിവേഗമാണ് സാന്ത്വനം മാറിയത്. ഇപ്പോഴിതാ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലിന്റെ അമരക്കാരനും സംവിധായകനുമായ ആദിത്യൻ അന്തരിച്ചുവെന്ന വാർത്തയാണ് പുറത്തു വരുന്നത്. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തു വെച്ചാണ് അന്ത്യം സംഭവിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ് ആദിത്യന്‍. കൊല്ലം അഞ്ചൽ സ്വദേശിയാണ്. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം എവിടെ വച്ചായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനം വരേണ്ടതുണ്ട്. തലസ്ഥാനത്തെ സിനിമാ, സീരിയല്‍ പ്രവര്‍ത്തകര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് എത്തി. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അതുകൊണ്ട് തന്നെയാണ് സാന്ത്വനം അടക്കം ആദിത്യൻ സംവിധാനം ചെയ്ത സീരിയലുകൾ എല്ലാം റേറ്റിങിൽ ഒന്നാമത് നിന്നിരുന്നത്. ആദിത്യന്റെ അപ്രതീക്ഷിത മരണം സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയൊരു ഷോക്കായിരുന്നു. സീരിയൽ താരങ്ങളായ മനോജ് കുമാർ, ഉമ നായർ, സീമ തുടങ്ങിയവരെല്ലാം ആദിത്യന്റെ അപ്രതീക്ഷിത മരണം അറിഞ്ഞ ആഘാതത്തിലാണ്. തന്റെ പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നാണ് മനോജ് കുമാർ കുറിച്ചത്.എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ… ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടുപോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ… അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല.’ ‘കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ.

എന്തൊരു ലോകം ദൈവമേ ഇത്…’, എന്നാണ് മനോജ് കുമാർ കുറിച്ചത്. ‘പ്രണാമം ചേട്ടാ… എന്ത് പറയണം എന്നറിയില്ല ജീവിതത്തിൽ കൂടെ ചേർത്ത് നിർത്തി വളർത്തിയ ഓരോരുത്തരായി കണ്ണ് മുന്നിൽ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.’എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല… അത്രമാത്രം എന്റെ അഭിനയജീവിതത്തിൽ ഗുരുനാഥനായും ജീവിതത്തിൽ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക്‌ എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കണം എന്നറിയില്ല.’ ‘ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാൻ കരുത്ത് നൽകട്ടെ ഈശ്വരൻ’, എന്നായിരുന്നു ഉമ നായർ കുറിച്ചത്. സീമ ജി നായർ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആദിത്യനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. പ്രിയ സംവിധായകന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ലെന്നാണ് ആരാധകരും കുറിച്ചത്2020ൽ ആരംഭിച്ച സീരിയൽ തുടക്കം മുതൽ ഇതുവരെയും ഒരിക്കൽ പോലും ജനപ്രീതിയുടെ കാര്യത്തിൽ പിന്നിലേക്ക് പോയിട്ടില്ല. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും അവ അവതരിപ്പിക്കുന്ന താരങ്ങളോടും കുടുംബത്തിലെ അം​ഗങ്ങളോടുള്ളത് പോലുള്ള സ്നേഹമാണ് പ്രേക്ഷകർക്കുള്ളത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തിയാണ് സീരിയൽ മലയാളത്തിൽ നിർമിച്ചിരിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് മുതൽ ​ഗോപിക അനിൽ വരെയുള്ള താരങ്ങൾ സീരിയലിന്റെ ഭാ​ഗമാണ്. ശ്രീദേവി എന്ന കഥാപാത്രത്തെ അവതരപ്പിക്കാൻ തുടങ്ങിയ ശേഷം ചിപ്പിക്കും കുടുംബ പ്രേക്ഷകരുടെ ഇടയിൽ ആരാധകർ വർധിച്ചിട്ടുണ്ട്.