Categories: Film News

കോടികൾ പ്രതിഫലം നേടി സാറ ; വിക്രത്തിന്റെ മകളായും അഭിനയിച്ചു

ഇന്ത്യൻ സിനിമയിൽ ഒട്ടനവധി ബാലതാരങ്ങൾ ഉണ്ടായിട്ടുണ്ട്. അവരിൽ ചിലരുടെ പ്രകടനങ്ങൾ കണ്ടാൽ നായകനേയും നായികയേയും വരെ പ്രേക്ഷകർ വിസ്മരിച്ച് പോകും.. ബേബി ശ്യാമിലി, ബേബി ശാലിനി, സാറാ അർ‍ജുൻ തുടങ്ങിയവരെല്ലാം ആ വിഭാ​​ഗത്തിൽ ഉൾപ്പെടുന്ന കുട്ടി പ്രതിഭകളാണ്. ഇവർക്ക് വേണ്ടി മാത്രം നിർമ്മിച്ച ചില ചിത്രങ്ങളുമുണ്ട്. പിതാവിന്റെ സിനിമാ ബന്ധങ്ങളിലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.  നടന്നു തുടങ്ങിയ പ്രായം മുതൽക്കേ സാറാ അർജുൻ അഭിനയിച്ച് തുടങ്ങിയിരുന്നു. ആൻമരിയ കലിപ്പിലാണെന്ന സണ്ണി വെയ്ൻ സിനിമയിലെ ആൻമരിയയായി സാറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും അന്നും ഇന്നും പ്രേക്ഷകർക്ക് സാറയുടെ മുഖം കാണുമ്പോൾ ആദ്യം ഓർമ വരുന്നത് ദൈവത്തിരുമകളിലെ കൃഷ്ണയുടെ മകൾ നിലയെയാണ്. വിക്രമായിരുന്നു കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നായികയായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് സാറ എങ്കിലും കുഞ്ഞ് നിലയെ പ്രേക്ഷകർ മറന്നിട്ടില്ല. ദൈവത്തിരുമകൾ സിനിമയുടെ റിലീസിന് ശേഷം ഒട്ടുമിക്ക പ്രേക്ഷകരും സാറ വിക്രത്തിന്റെ മകളാണെന്നാണ് കരുതിയത്. കാരണം ‌ഇരുവരും തമ്മിലുള്ള കെമിസ്ട്രി അത്രത്തോളം സിനിമയിൽ കാണാമായിരുന്നു. പതിനേഴുകാരിയായ സാറ ജനിച്ച് വളർന്നത് മുംബൈയിലാണ്.

2011ൽ 404 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സാറാ അർജുൻ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ താരത്തിന് അഞ്ച് വയസായിരുന്നു പ്രായം. അതേ വർഷം തന്നെ തമിഴിൽ ബാലതാരമായി സാറ അരങ്ങേറ്റം കുറിച്ചു. ആദ്യ തമിഴ് ചിത്രം ദൈവത്തിരുമകൾ ആയിരുന്നു. നടൻ വിക്രമിന്റെ മകളുടെ വേഷമാണ് ചിത്രത്തിൽ സാറ അവതരിപ്പിച്ചത്. സാറയും വിക്രമും തമ്മിലുള്ള അച്ഛൻ-മകൾ ബന്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ചാം വയസിലും സിനിമയിലെ സാറയുടെ അസാമാന്യ പ്രകടനം സിനിമാ പ്രേക്ഷകരെയാകെ അമ്പരപ്പിച്ചു. പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗത്തിൽ വിക്രമിന്റെയും സാറയുടെയും പ്രകടനം വൈറലായിരുന്നു. ഒറ്റ സിനിമയിലൂടെ തന്റെ അഭിനയ മികവ് കൊണ്ട് ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് എത്തി സാറ. അതോടെ ഒന്നിന് പിറകെ ഒന്നായി സിനിമ ഓഫറുകൾ നിരവധി കിട്ടിത്തുടങ്ങി.

ദൈവത്തിരുമകളുടെ സംവിധായകൻ എഎൽ വിജയിയുടെ സൈവത്തിലും കേന്ദ്രകഥാപാത്രമായത് സാറയായിരുന്നു. ഹലിത ഷമീർ സംവിധാനം ചെയ്ത സില്ലുകറുപ്പട്ടിയിലെ സാറയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ൽ സണ്ണി വെയ്ൻ നായകനായ ആൻമരിയ കലിപ്പിലാണ് സിനിമയിലും ശ്രദ്ധേയവേഷം സാറ ചെയ്തിരുന്നു. ആൻമരിയ കലിപ്പിലാണ് ചെയ്തശേഷം കേരളത്തിൽ സാറയ്ക്ക് ആരാധകർ കൂടി. സില്ലുകറുപ്പെട്ടിക്ക് ശേഷം പിന്നീട് മൂന്ന് വർഷത്തോളം കഴിഞ്ഞാണ് സാറ ഒരു തമിഴ് സിനിമ ചെയ്തത്. അതും മണിരത്നത്തിന്റെ ബി​ഗ് ബജറ്റ് സിനിമ പൊന്നിയൻ സെൽവൻ സീരിസിൽ. ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ കൗമാരമാണ് സാറ അവതരിപ്പിച്ചത്. വിക്രത്തിന്റെ മകളായും കാമുകിയായും അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ച ഒരേയൊരു ബാലതാരമാണ് സാറ. പതിനേഴ് വയസുകാരിയായ സാറ ഉടൻ തന്നെ നായികയായി അരങ്ങേറ്റം കുറിക്കും. അച്ഛൻ രാജ് അർജുനും ഒരു നടനാണ്. ഹിന്ദി, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബാലതാരമാണ് സാറ. 10 വർഷം കൊണ്ട് സാറയുടെ ആസ്തി ജെറ്റ് സ്പീഡിൽ ഉയർന്നു. ബാലതാരമായി അഭിനയിക്കുന്ന താരത്തിന് ഇതുവരെയായി 10 കോടിയോളം രൂപയുടെ സ്വത്തുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയിരുന്നു സാറ.

Sreekumar R