‘സദാ ചിരിക്കുന്ന മുഖംമൂടിയും അതിനുള്ളിലെ കരയുന്ന മുഖവും സുബി ഓര്‍മ്മിപ്പിക്കുന്നു’ ശാരദക്കുട്ടി

നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരെല്ലാം. ഇപ്പോഴിതാ എഴുത്തുകാരി എസ് ശാരദക്കുട്ടിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സദാ ചിരിക്കുന്ന മുഖംമൂടിയും അതിനുള്ളിലെ കരയുന്ന മുഖവും സുബി ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് എഴുത്തുകാരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

ടെലിവിഷന്‍ അവതരണ രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമായ സുബി മരിച്ചു പോയെന്ന് വിശ്വസിക്കാനാകുന്നില്ല.
witty and vigorous എന്ന് മലയാളികള്‍ മുഴുവന്‍ പറഞ്ഞു. കെ പി എ സി ലളിതയുടെ ചരമവാര്‍ഷിക ദിനത്തില്‍ തന്നെ സുബിയും യാത്ര പറയുന്നു.. ഒരു കുടുംബത്തെ മുഴുവന്‍ രക്ഷപ്പെടുത്താനുള്ള തത്രപ്പാടില്‍ സമൂഹത്തെ ചിരിപ്പിച്ചു കൊണ്ടേ ജീവിക്കാന്‍ നിയോഗിക്കപ്പെട്ട കലാകാരി.
കമല്‍ഹാസന്റെയും ചാര്‍ളി ചാപ്ലിന്റെയും ബഹദൂറിന്റെയും ചില കഥാപാത്രങ്ങള്‍ ധരിച്ചിരുന്ന സദാ ചിരിക്കുന്ന മുഖംമൂടിയും അതിനുള്ളിലെ കരയുന്ന മുഖവും സുബി ഓര്‍മ്മിപ്പിക്കുന്നു.
വിട പ്രിയപ്പെട്ട സുബീയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. രണ്ടാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷമായിരുന്നു നടിയുടെ അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവില്‍ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ രണ്ടിന് ചേരാനല്ലൂര്‍ പൊതുശ്മശാനത്തില്‍.. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി.

ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. ‘പഞ്ചവര്‍ണതത്ത’, ‘ഡ്രാമ’, ‘101 വെഡ്ഡിങ്’, ‘ഗൃഹനാഥന്‍’, ‘കില്ലാഡി രാമന്‍’, ‘ലക്കി ജോക്കേഴ്‌സ്’, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘തസ്‌കര ലഹള’, ‘ഹാപ്പി ഹസ്ബന്‍ഡ്‌സ്’, ‘ഡിറ്റക്ടീവ്’, ‘ഡോള്‍സ്’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.