Film News

ബഡേ ബഡേ ദേശോം മേ ഐസി ചോട്ടി ചോട്ടി…; അച്ഛന്റെ തനിപ്പകർപ്പായി മകൻ, വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഷാറുഖ് ഖാനെ അനുകരിക്കുന്ന മകൻ അബ്റാമിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. ധീരുഭായ് അംബാനി ഇന്റർനാഷ്നൽ സ്‌കൂളിൽ നടന്ന വാർഷിക ദിന ചടങ്ങിൽ ഒരു സ്കിറ്റിൽ അബ്റാം അഭിനയിക്കുന്ന വീഡിയയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിൽവാലെ ദുൽഹനിയ ജായേംഗേ സിനിമയിലെ ഈണത്തോടൊപ്പം ഷാറുഖിന്റെ ‘സിഗ്നേച്ചർ പോസ്’ ആണ് അബ്റാം അനുകരിച്ചത്. ‘‘എന്നെ കെട്ടിപ്പിടിക്കുക, എനിക്ക് ആലിംഗനം ഇഷ്ടമാണ്’’ എന്ന് പറഞ്ഞ് ഷാറുഖ് ഖാൻ ചെയ്യുന്നതുപോലെ കൈ വിടർത്തി പോസ് ചെയ്യുകയായിരുന്നു അബ്റാം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മകന്റെ പ്രകടനം കാണാനെത്തിയ ഷാറുഖ് ഖാൻ മകനെ കൈവീശി കാണിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.

സ്കിറ്റിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ അബ്റാം ഖാൻ കെട്ടിപ്പിടിക്കുന്നുണ്ട്. ദ് നോട്ടി പ്രഫസർ എന്ന കഥാപാത്രത്തെയാണ് കുഞ്ഞു താരം അവതരിപ്പിച്ചത്. അബ്റാമിന്റെ പ്രകടനം വൈറലായിട്ടുണ്ട്. നിരവധി ആരാധകരാണ് അബ്റാമിനെ അഭിനന്ദിച്ച് എത്തുന്നത്. ഷാറുഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന എന്നിവർക്കൊപ്പമാണ് ധീരുഭായ് അംബാനി ഇന്റർനാഷ്നൽ സ്‌കൂളിൽ വാർഷിക ചടങ്ങിന് എത്തിയത്. നേരത്തെ, ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യയുടെ സ്കൂളിലെ വാർഷികത്തിൽ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Gargi