‘ദ റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍’ പിറന്നാള്‍ ദിനത്തില്‍ ടീസര്‍ പുറത്ത്

താരരാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ എലോണ്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘ദ റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍’ (യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്) എന്ന ഡയലോഗോടെയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. പന്ത്രണ്ട്…

താരരാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ എലോണ്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘ദ റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍’ (യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്) എന്ന ഡയലോഗോടെയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍.

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡോണ്‍മാക്‌സ്. സംഗീതം ജേക്‌സ് ബിജോയ്. 18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹെയര്‍സ്‌റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഒടിടിയില്‍ റിലീസിനെത്തുമെന്നാണ് സൂചന.

ആശിര്‍വാദിന്റെ 30-ാമത്തെ ചിത്രം കൂടിയാണിത്. ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്.

ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാന്‍ ആണ് മോഹന്‍ലാല്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഡിസ്‌നി ഹോട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റാം, മോണ്‍സ്റ്റര്‍, ബറോസ്, എമ്പുരാന്‍ തുടങ്ങിയവയാണ് ഇനി ഇറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.