‘എല്ലാവരുടേയും മുന്നില്‍ വച്ച് ഇറക്കിവിട്ടു’ ; അമ്മയ്‌ക്കൊപ്പം കരഞ്ഞു കൊണ്ട് ഇറങ്ങേണ്ടി വന്നു; ശാലിൻ സോയ 

ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലെത്തിയ നടിയാണ് ശാലിന്‍ സോയ. ഇപ്പോഴിതാ ശാലിൻ നായികയായി എത്തിയ തമിഴ് ചിത്രം കണ്ണഗിയിലെ  പ്രകടനം കയ്യടി നേടുകയാണ്. സിനിമ കണ്ടിറങ്ങിയ ഒരു  പ്രേക്ഷക ശാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ശാലിന്‍. ഇപ്പോഴും പുതുമുഖമായി തന്നെ കാണുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശാലിന്‍. മലയാളത്തിലെ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാലിന്‍ തന്റെ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ഞാന്‍ വിഷമത്തോടെയാണ് അതിനെ കാണുന്നത്. നായികയായി മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടുമില്ല. എന്നാല്‍ തമിഴില്‍ നിന്നും രണ്ട് സിനിമകള്‍ നായികയായി വന്നു.

നായികയായി എന്നെ കണ്ടത് പോലും തമിഴാണ്. മലയാളത്തില്‍ ഇത്രയും വര്‍ഷമായി, അത്യാവശ്യം സിനിമകള്‍ ചെയ്തു, സിനിമാ ബന്ധങ്ങളുമുണ്ട്, എല്ലാവര്‍ക്കും എന്റെ കാര്യങ്ങള്‍ അറിയാം, പക്ഷെ എനിക്ക് അവസരങ്ങള്‍ കിട്ടുന്നില്ല. അല്ലാതെ ഞാന്‍ സെലക്ടീവ് ആയതല്ല എന്നും ശാലിന്‍ പറയുന്നു. എല്ലാവരും നിങ്ങള്‍ക്ക് നല്ല കഴിവുണ്ട്, കാണാന്‍ ഭംഗിയുണ്ട് എന്നൊക്കെ. എന്നാ പിന്നെ നിങ്ങള്‍ക്ക് വിളിച്ചൂടേ? അത് പറ്റില്ല. എനിക്ക് ആ ലോജിക് മനസിലാകുന്നില്ല. അതെനിക്ക് ഭയങ്കര വിഷമമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് സിനിമയാണ് എല്ലാം. സിനിമയല്ലാതെ വേറെയൊന്നും ചെയ്യാനറിയില്ല. അതാണ് സംവിധാനം എന്നൊക്കെ പറഞ്ഞ് ഈ പരിസരത്ത് കറങ്ങി നടക്കുന്നത്. എന്നെക്കെട്ടിപ്പിടിച്ച് പോയ ആ മാഡത്തിനെ ഞാന്‍ പിന്നെ കണ്ടിട്ടില്ല. അവര്‍ ആരെന്ന് അറിയില്ല. പക്ഷെ എനിക്ക് അവരോട് വലിയ കടപ്പാടുണ്ട്. അവരുടെ പ്രവര്‍ത്തിയാണ് എനിക്ക് ഈ അറ്റന്‍ഷന്‍ നേടി തന്നതെന്നും ശാലിന്‍ പറയുന്നു. അവര്‍ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ ഞാന്‍ വന്ന വഴികളും നേരിട്ട അപമാനങ്ങളുമെല്ലാം മനസിലൂടെ കടന്നു പോയി. അത്രയ്ക്കും അനുഭവിച്ചിട്ടുണ്ട്. നിങ്ങള്‍ എന്ത് അനുഭവിച്ചു, അവരുടെ അത്രയൊന്നും അനുഭവിച്ചില്ലല്ലോ എന്നൊരാള്‍ ഇന്ന് മെസേജ് അയച്ചിരുന്നു. അത് നമ്മള്‍ പറയുന്നതല്ലേ, നമ്മള്‍ക്ക് പറയാതെ മനസില്‍ വെക്കുകയും ചെയ്യാമല്ലോ. അത്രയ്ക്കും അനുഭവിച്ചിട്ടുണ്ട്. അതെല്ലാം ഓര്‍ത്താണ് ആ സ്‌റ്റേജില്‍ വച്ച് കരഞ്ഞു പോയതെന്നും താരം പറയുന്നു. ചില സിനിമകളിലൊക്കെ കാണുന്നത് പോലെ ഓരോ നിമിഷവും ഓര്‍ക്കുകയായിരുന്നു. വളരെ മോശം രീതിയിലുള്ള അനുഭവങ്ങള്‍. അതൊരു സ്ത്രീയെന്ന നിലയില്‍ മാത്രമല്ല, ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് പറയുന്നത്. വളരെ മോശമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു. വിശുദ്ധന്‍, മല്ലു സിംഗ് ഒക്കെ അഭിനയിച്ചിട്ട് പോലും. ഒരു ഔട്ട് ഡോര്‍ ഷൂട്ടില്‍ ഒരു കാരവന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ കയറി ഇരുന്നപ്പോള്‍ ഇവിടെ ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമേ ഇരിക്കാന്‍ പറ്റുള്ളൂവെന്ന് പറഞ്ഞ് ഉച്ചയ്ക്ക് എന്നെ എല്ലാവരുടേയും മുന്നില്‍ വച്ച് ഇറക്കിവിട്ടു.

വേറൊരു സിനിമയില്‍, ആളുടെ പേര് പറയുന്നില്ല. എല്ലാവര്‍ക്കും തിരിച്ചു പോകാന്‍ ഒരു വണ്ടിയേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ പ്രൊഡക്ഷനിലുള്ളവര്‍ ഞങ്ങളോട് സംവിധായകന്റെ വണ്ടിയില്‍ കയറാന്‍ പറഞ്ഞുവെന്ന് ശാലിന്‍ പറയുന്നു. സംവിധായകന്റെ വണ്ടിയല്ലേ കേറാന്‍ പറ്റൂമോ എന്ന് ചോദിച്ചു. ഞാനും അമ്മയുമുണ്ട്. എമര്‍ജന്‍സിയാണ് കയറിക്കോളൂവെന്ന് പറഞ്ഞു. ഞങ്ങള്‍ കയറിയപ്പോള്‍ ആരാണ് ഇവരോടൊക്കെ വണ്ടിയില്‍ കയറാന്‍ പറഞ്ഞത് എന്ന് പറഞ്ഞു. ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. ഞാന്‍ മാത്രമായിരുന്നുവെങ്കില്‍ കുഴപ്പമില്ല. അമ്മയും കൂടെയുണ്ടല്ലോ. അമ്മ, അച്ഛന്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ അങ്ങനെയല്ലേ കാണുന്നതെന്നും ശാലിന്‍ പറയുന്നു. ഇത് രണ്ട് അനുഭവങ്ങള്‍ മാത്രം. ഇങ്ങനെ ഒരുപാടുണ്ട്. നിങ്ങളൊന്നും എവിടേയും എത്തില്ല. നിങ്ങളെയൊന്നും ആര്‍ക്കും വേണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴാണ് പിന്നില്‍ നിന്ന എന്നെ മുന്നിലേക്ക് വിളിക്കുകയും കെട്ടിപ്പിടിച്ച് അവര്‍ കരയുകയും ചെയ്തത്. ഇത് പറയുമ്പോള്‍ ഇപ്പോഴും വികാരഭരിതയാകുമെന്നും ശാലിന്‍ പറയുന്നു.