ഹൃദയഭേദകം! ഷമ്മിയേട്ടാാാാ എന്ന സ്‌നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരം ആയിരുന്നു-ഷമ്മി തിലകന്‍

നടന്‍ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. തൃശ്ശൂര്‍ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് നടന്‍ കൊല്ലം സുധി അന്തരിച്ചത്. മിനിസ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സുധി. ബിഗ് സ്‌ക്രീനിലും തന്റെ ഇടം ഉറപ്പിക്കാന്‍ താരത്തിനായി. താരലോകം ഒന്നടങ്കം സുധിയ്ക്ക് അനുശോചനം അറിയിക്കുകയാണ്.

നടന്‍ ഷമ്മി തിലകന്‍ അനുശോചനമറിയിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് ഷമ്മി കുറിച്ചു.

കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്..!അനിതരസാധാരണമായ നടന ചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയവനാണ് സുധി..!

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകവും..!
#ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്‌നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരമായിരുന്നു..!
സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..!
ഒപ്പം..; അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകള്‍ കണ്ണീര്‍തടമായിട്ടുമുണ്ട്..!

കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷ ജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെ..!
വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും, പ്രിയപ്പെട്ടവരോടും, ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു..!എന്നാണ് ഷമ്മി കുറിച്ചത്.

Anu B