ശിഖര്‍ ധവാന്‍ ഇനി ബോളിവുഡ് താരം!!! ഹുമ ഖുറേഷിയ്‌ക്കൊപ്പം അരങ്ങേറ്റം

ബോളിവുഡ് താരമാവാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഹുമ ഖുറേഷിയെയും സൊനാക്ഷി സിന്‍ഹയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്‌റാം രമണി സംവിധാനം ചെയ്യുന്ന ഡബിള്‍ എക്‌സ്എല്‍ എന്ന ചിത്രത്തിലൂടെയാണ് ശിഖര്‍ ധവാന്റെ ബോളിവുഡ് അരങ്ങേറ്റം.

ഡബിള്‍ എക്‌സ്എല്‍ എന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.
ഉയര്‍ന്ന ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്.
ശിഖര്‍ ധവാന്‍ ഉള്‍പ്പെടുന്ന, ചിത്രത്തിലെ ഒരു സ്റ്റില്‍ പുറങ്ങിയിട്ടുണ്ട്. ഹുമ ഖുറേഷിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാന്റെ പോസ്റ്റര്‍ ആണ് ചിത്രത്തില്‍.

തന്റെ ട്രേഡ് മാര്‍ക്ക് ഹെയര്‍ സ്‌റ്റൈലില്‍ കറുത്ത സ്യൂട്ട് ധരിച്ചാണ് ധവാന്‍ എത്തിയിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഒരു ഗൗണ്‍ ആണ് ഹുമയുടെ വേഷം.

ദില്ലിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അവതാരകയായ രാജ്ശ്രീ ത്രിവേദിയായിട്ടാണ്
ഹുമ ഖുറേഷി എത്തുന്നത്. സൈറ ഖന്ന എന്ന ഫാഷന്‍ ഡിസൈനര്‍ ആയിട്ടാണ് സൊനാക്ഷി എത്തുന്നത്.

ഉയര്‍ന്ന ശരീരഭാരം കാരണം തങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പലരും നിരുത്സാഹപ്പെടുത്തിയിട്ടും അതില്‍ തന്നെ ഉറച്ച് മുന്നോട്ട് പോയി വിജയിക്കുന്നവരാണ് രണ്ട് കഥാപാത്രങ്ങളും.

ചിത്രത്തിന്റെ കഥ തനിക്ക് ഏറെ ഇഷ്ടമായെന്ന് ശിഖര്‍ ധവാന്‍ പറയുന്നു. രാജ്യത്തിനുവേണ്ടി കളിക്കുന്ന ഒരു അത്‌ലറ്റ് എന്ന നിലയില്‍ ജീവിതം എപ്പോഴും തിരക്ക് നിറഞ്ഞതാണ്. രസിപ്പിക്കുന്ന സിനിമകള്‍ കാണുക എന്നതാണ് തന്റെ ഹോബി എന്നും ധവാന്‍ പറയുന്നു.

ഈ ചിത്രം സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. നിരവധി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചിത്രം സ്വാധീനിക്കുമെന്നാണ് താന്‍
പ്രതീക്ഷിക്കുന്നതായും ശിഖര്‍ ധവാന്‍ പറഞ്ഞു.

ശിഖര്‍ ധവാനോടൊപ്പം സഹീര്‍ ഇഖ്ബാലും മഹാത് രാഘവേന്ദ്രയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആയ ിചിത്രം നവംബര്‍ 4 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ആരാധകരിലേക്ക് എത്തും.