മമ്മൂട്ടി എത്ര ആഗ്രഹിച്ചിട്ടും അത് മാത്രം സൈനുദ്ധീൻ നൽകിയിരുന്നില്ല…

തിരശ്ശീലയിൽ നാം കാണുന്ന കഥാപാത്രങ്ങൾ മറ്റാരൊക്കെയോ ആണ്. എഴുത്തുകാരന്റെ ഭാവനയ്ക്കൊപ്പം… സംവിധായകന്റെ നിർദ്ദേശങ്ങൾക്കൊപ്പം അഭിനേതാക്കൾ കെട്ടിയാടുകയാണ്. അങ്ങനെയുള്ളവരിൽ നല്ല മിടുക്കൻമാരായ നർത്തകരുണ്ടാവാം…അഭ്യാസികളുണ്ടാവാം.. മികച്ച നടീനടൻമാരുണ്ടാവാം. പക്ഷെ , ഓഫ് സ്ക്രീനിൽ അവരിലാരൊക്കെ നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്? സോഷ്യൽമീഡിയയുടെ കടന്നുകയറ്റത്തിൽ പലരുടെയും കഴിവ് നാം ഇക്കാലത്ത് കണ്ടറിയുന്നുണ്ട്. പൃഥ്വിരാജ് ഒരിയ്ക്കൽ ലണ്ടനിൽ ‘രാവണൻ’ സിനിമയുടെ പ്രൊമോഷനിൽ ഇംഗ്ലീഷ് പറയുന്നതുകേട്ട് ഞെട്ടിത്തരിച്ചിരുന്നിട്ടുണ്ട്. അന്നേരം അയാൾ ഒന്ന് ചുമച്ച് തുപ്പിയിരുന്നെങ്കിൽപ്പോലും ഇംഗ്ലീഷ് ആയേനെ പുറത്തുവരുന്നത്. അത്രമേൽ ഗംഭീരമായിരുന്നു അത്. ദിലീപിനെ നാദിർഷ ഒരു ചാനലിന് വേണ്ടി ഇന്റർവ്യൂ ചെയ്യുന്നത് കണ്ട്… അതിലെ നർമ്മസംഭാഷണം കേട്ട് , ചിരിച്ച് കുടൽ പുറത്തുവന്നിട്ടുണ്ട്. രമേഷ് പിഷാരടിയുടെ വൺമാൻ ഷോ കണ്ട് അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്. അങ്ങനെയങ്ങനെ കുറേയെറെ കാഴ്ചകൾ. പക്ഷെ , ഡിപ്ലോമാറ്റിക് ആയി മറുപടി പറയുന്ന… നർമ്മം വാരി വിതറുന്ന… നിഷ്കളങ്കനായ കൗശലക്കാരൻ എന്ന് വിശേഷിപ്പിയ്ക്കാവുന്ന ഒരാൾ നേരത്തേ ഇതേ സിനിമാലോകത്ത് ജീവിച്ചിരുന്നു.

അയാളാണ് സൈനുദ്ദീൻ. ജീവിതം ഇവിടെ അഭിനയിച്ചുതീർത്ത്… ചമയങ്ങൾ അഴിച്ചുവെച്ച് അയാൾ മറ്റൊരു ലോകത്തേയ്ക്ക് യാത്ര പോയി. അദ്ദേഹത്തെക്കുറിച്ച് കേട്ട ഒരു കഥ… സിനിമാതാരങ്ങൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങിൽ ഒരിയ്ക്കൽ മമ്മൂട്ടിയും സൈനുദ്ദീനും വേറെ കുറേപ്പേരും സൗഹൃദസംഭാഷണത്തിൽ മുഴുകി. മമ്മൂട്ടിയോടൊപ്പം ഇരിയ്ക്കാനും അദ്ദേഹത്തെ സന്തോഷിപ്പിയ്ക്കാനും ഭൂരിഭാഗംപേരും മൽസരിയ്ക്കുകയാണ്. ഭക്ഷ്യവിഭവങ്ങൾ എടുത്തുനൽകാനും മമ്മൂട്ടി ഒന്ന് നോക്കിയാൽത്തന്നെ വെള്ളം എടുത്ത് കൊടുക്കാനും പലരും തിക്കിത്തിരക്കി വരുന്നുണ്ട്. സൂപ്പർ സ്റ്റാറായ മമ്മൂട്ടിയെ ഇംപ്രസ്സ് ചെയ്യുക… മനസ്സിൽ ഇടംപിടിയ്ക്കുക…. അതുവഴി സിനിമയിൽ അവസരം നേടുക… ഇതാണ് ഭൂരിഭാഗം പേരുടെയും ലക്ഷ്യം. ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവർ വീണ്ടും തമാശകളും മറ്റുമായി ഒന്നിച്ചുകൂടി. അതിനിടെ ഒരാൾ വന്ന് മമ്മൂട്ടിയോട് ഒരു ഓട്ടോഗ്രാഫ് ചോദിച്ചു. മറ്റാരുടെയും കൈവശം പേനയില്ലായിരുന്നു. അപ്പോഴാണ് മമ്മൂട്ടി സൈനുദ്ദീന്റെ കീശയിലെ ഭംഗിയുള്ള ആ പേന കണ്ടത്. മറ്റെല്ലാവരും മമ്മൂട്ടിയ്ക്ക് ആവശ്യമുള്ളത് കണ്ടറിഞ്ഞ് നൽകുമ്പോൾ , സാക്ഷാൽ മമ്മൂട്ടി നേരിട്ട് ചോദിച്ചിട്ടേ സൈനുദ്ദീൻ പേന നൽകിയുള്ളൂ. മമ്മൂട്ടിയ്ക്ക് അതിശയം തോന്നി. ഒരൽപ്പം നീരസം തോന്നാതിരുന്നുമില്ല. കുസൃതിയും ദുർവാശിയും സമാസമം ചേർത്ത് മമ്മൂട്ടി ഒരു തീരുമാനമെടുത്തു. എങ്ങനെയും ആ പേന സ്വന്തമാക്കുക. പലരീതിയിൽ മമ്മൂട്ടി ശ്രമം നടത്തി. പേന തിരികെക്കൊടുക്കാതിരിയ്ക്കാൻ മറവി അഭിനയിച്ചുനോക്കി.

ആ അഭിനയസാമ്രാട്ടിന്റെ അഭിനയം സൈനുദ്ദീന് മുൻപിൽ വിലപ്പോയില്ല. സൈനുദ്ദീൻ പേന ചോദിച്ചുവാങ്ങി. ഭംഗി നോക്കാനെന്ന വ്യാജേന മമ്മൂട്ടി വീണ്ടും ആ പേന വാങ്ങി മുറുകെപ്പിടിച്ചു. ആ ശ്രമവും പരാജയപ്പെട്ടു. താനഭിനയിയ്ക്കുന്ന സിനിമയിൽ അവസരങ്ങൾ തന്നേയ്ക്കാം എന്ന രീതിയിൽ പ്രലോഭനത്തിന് ശ്രമം നടത്തി. അതിലും സൈനുദ്ദീൻ വീണില്ല. അവസാനമായി മമ്മൂട്ടി ആ പേന ചോദിച്ചുവാങ്ങാൻ തീരുമാനിച്ചു. അത് വാങ്ങി കൈവെള്ളയിൽ വെച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞു… “നല്ല പേനയാണ് . ഞാനിതെടുക്കുന്നു.” തിരികെ വാങ്ങിയ സൈനുദ്ദീൻ പറഞ്ഞു. “അതെ….വളരേ നല്ല പേനയാണ് . അതു കൊണ്ട് ഞാനിതാർക്കും കൊടുക്കില്ല.” മമ്മൂട്ടിയ്ക്ക് ജാള്യത തോന്നി. ആ പേന വീണ്ടും കൈയ്യിലെടുത്ത് മമ്മൂട്ടി അടുത്ത നമ്പറിട്ടു. “എടാ സൈനു… ഞാൻ ഈ പേന വെച്ച് ആർക്കെങ്കിലും ഓട്ടോഗ്രാഫ് കൊടുക്കും . പേനയുടെ ഭംഗി കണ്ട് അവർ ചോദിയ്ക്കും . ‘ഇതെവിടുന്നാ ‘ എന്ന് ” എല്ലാവരും ആകാംക്ഷയോടെ മമ്മൂട്ടിയെ നോക്കി . അയാൾ തുടർന്നു… “ഉടൻ ഞാൻ പറയും . ‘ഇത് ഞാൻ പണം കൊടുത്ത് വാങ്ങിയതല്ല . ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിയ്ക്കുന്ന സൈനുദ്ദീൻ എന്നൊരു നടനുണ്ട് . അയാൾ എന്നോടുള്ള ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും തന്നതാണ് ‘ എന്ന് . അങ്ങനെ സിനിമയില് നിന്നെ നാലാള് അറിയുമല്ലോ.” ഇതിൽ സൈനുദ്ദീൻ പരാജയപ്പെട്ടെന്ന് ചുറ്റും ഇരിയ്ക്കുന്ന സുഹൃത്തുക്കൾ ഉറപ്പിച്ചു. മമ്മൂട്ടി വിജയശ്രീലാളിതനെപ്പോലെ തലയുയർത്തിപ്പിടിച്ച് ചുറ്റും നോക്കി.

സൈനുദീൻ നിഷ്കളങ്കമായ ചിരിയോടെ ആ പേന തിരിച്ചെടുത്ത് സ്വന്തം കീശയിൽ കുത്തി . അനന്തരം മമ്മൂട്ടിയെ നോക്കിക്കൊണ്ട് പറഞ്ഞു… “മമ്മൂക്കാ… ഞാൻ വലിയ ഒരു നടനായി ഈ പേനേം കീശയിൽ വെച്ച് തമിഴ്-തെലുങ്ക് -കന്നഡ സിനിമാസെറ്റുകളിൽ ചെല്ലുമ്പൊ , അവിടെ വലിയ വലിയ നടൻമാരൊക്കെ ഉണ്ടാവുമല്ലോ” “ഉണ്ടാവും” “അവരാരെങ്കിലും അന്നേരം ഓട്ടോഗ്രാഫ് എഴുതാനോ കോൾഷീറ്റ് ഒപ്പിടാനോ ഈ പേന ചോദിയ്ക്കുമല്ലോ.?” “ചോദിയ്ക്കും.” “അപ്പൊ ഞാനവരോട് പറയും… ‘മലയാളത്തില് മമ്മൂട്ടി എന്നൊരു വലിയ നടനുണ്ട് . അങ്ങേര് ചോദിച്ചിട്ടുപോലും ഞാനീ പേന കൊടുത്തിട്ടില്ല… പിന്നെയാ നിങ്ങള് ചോദിച്ചിട്ട് തരണേ… ‘എന്ന് . “പിന്നീട് അവര് മറ്റുള്ളവരോട് പറയും… ‘സാക്ഷാൽ മമ്മൂട്ടി ചോദിച്ചിട്ടുപോലും സ്വന്തം പേന കൊടുക്കാത്ത സൈനുദീനാ ആ പോണത്…’ എന്ന് . അങ്ങനേം എന്നെ നാല് സിനിമാക്കാരറിയും മമ്മൂക്കാ.” ഡിപ്ലോമാറ്റിക്കായ ഈ മറുപടി കേട്ട് ചുറ്റും നിന്നിരുന്ന ഏവരും പരിസരം മറന്ന് പൊട്ടിച്ചിരിച്ചു . ചമ്മലോടെ മമ്മൂട്ടിയും ആ ചിരിയിൽ പങ്കുചേർന്നു . ചിരി അവസാനിച്ച് രംഗം ശാന്തമായപ്പോൾ മമ്മൂട്ടിയുടെ ഇരിപ്പിടം കാലിയായിരുന്നു. സിനിമയ്ക്കപ്പുറം ജീവിതത്തിലുടനീളം നർമ്മം കൂടെക്കൊണ്ടു നടന്ന സൈനുദ്ദീൻ എന്ന ആ നിഷ്കളങ്കൻ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷനായത് ഇതുപോലൊരു നവംബർ നാലിനായിരുന്നു. ഒരോർമ്മക്കുറിപ്പായി സമർപ്പിയ്ക്കുന്നു…!