Categories: Film News

‘ഒരു കറുത്ത് തടിച്ച സാധനം, ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട്’; ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടി; സത്യഭാമക്കെതിരെ സിതാര

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ സത്യഭാമ ജൂനിയർ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ​ഗായിക സിതാര കൃഷ്ണകുമാർ. സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട് എന്നാണ് സിതാര സോഷ്യൽ മീഡിയയിൽ കുറിച്ചത്. സമൂഹത്തിൽ ഇപ്പോഴും വിവേചനത്തോടെ പലരും ഉപയോ​ഗിക്കുന്ന ചില കാര്യങ്ങളെ കുറിച്ചും സിതാര തുറന്ന് എഴുതി.

‘ശ്രീമതി സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്! തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും. മറ്റൊന്നുകൂടെ കൂട്ടി ചേർക്കേണ്ടതുണ്ട്, “നല്ല വെളുത്ത സുന്ദരിക്കുട്ടി”, “ഒരു കറുത്ത് തടിച്ച സാധനം”, “ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട്”, “കല്യാണപെണ്ണിന് നല്ല നിറം!

ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും”, അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങൾ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടിയാണ് സത്യഭാമ ടീച്ചറുടെ ആക്രോശം’, എന്നും സിതാര കുറിച്ചു.

Ajay Soni