ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

Follow Us :

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞ വാർത്ത ഏറെ വേദനയോടെയാണ് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കേട്ടത്. എന്നാൽ ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചതെന്ന് പറയുകയാണ് സൗന്ദര്യയുടെ സുഹൃത്ത് അമാനി. സൗന്ദര്യയും അമാനിയും അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും കന്നഡക്കാരായതിനാൽ നല്ല സൗഹൃദത്തിലായിരുന്നു. അമാനിയോട് സൗന്ദര്യ എല്ലാം കാര്യങ്ങളും പങ്കുവെച്ചിരുന്നു. നായികയാകാൻ സൗന്ദര്യ ആഗ്രഹിച്ചിരുന്നില്ല. അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇൻഡസ്ട്രിയിലേക്ക് വന്നതെന്ന് സൗന്ദര്യ പറഞ്ഞിട്ടുള്ളതായി അമാനി പറയുന്നു. അച്ഛൻ്റെ നിർബന്ധത്തിനു വഴങ്ങി സിനിമയിലെത്തിയിട്ട് പിന്നീട് സിനിമയിൽ തുടരാൻ നടി തീരുമാനിക്കുകയായിരുന്നു. അച്ഛൻ്റെ മരണശേഷം ജ്യേഷ്ഠനും അച്ഛന് നൽകിയ അതേ ബഹുമാനമാണ് സൗന്ദര്യ നൽകിയിരുന്നതെന്നും അമാനി പറയുന്നു.

soundarya

സൗന്ദര്യ സാധാരണ ജീവിതം ഇഷ്ടപ്പെട്ടിരുന്നു. 2003 ഏപ്രിലിൽ ജി രഘുവിനെ വിവാഹം കഴിച്ച് ഒരു വർഷത്തിനുള്ളിൽ സൗന്ദര്യ മരിച്ചു. അവൾ ആഗ്രഹിച്ച ജീവിതം അനുഭവിക്കുന്നതിന് മുമ്പ് അവൾ മരിച്ചു എന്നാണ് അമാനി സുഹൃത്തിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്. വിവാഹം കഴിക്കാനും വീട്ടമ്മയാകാനും കുട്ടികളുണ്ടാകാനും സൗന്ദര്യ ആഗ്രഹിച്ചു. അഭിനേത്രിയെന്ന നിലയിൽ ഏറെ പ്രശസ്തി നേടിയ സൗന്ദര്യയുടെ ആഗ്രഹം നടക്കാതെ പോയതിൽ വിഷമമുണ്ട് എന്നും അമാനി പറയുന്നു. അന്യഭാഷയിൽ നിന്നും മലയാളത്തിൽ എത്തിയ സൗന്ദര്യ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജനപ്രീതി നേടിയത്. 2004 ഏപ്രിൽ 17 നായിരുന്നു സൗന്ദര്യയുടെ ജീവനെടുത്ത ആ വിമാന അപകടം നടന്നത്. സൗന്ദര്യയുടെ മരണം നടന്നിട്ട് 20 വർഷങ്ങൾ പിന്നിടുമ്പോഴും ഈ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവും നില നിൽക്കുന്നുണ്ട്. സൗന്ദര്യയുടെ യഥാർത്ഥ പേര് സൗന്ദര്യ സത്യനാരായണ എന്നായിരുന്നു. 1976 ജൂലൈ 18ന് ജനിച്ച നടി വിമാനാപകടത്തിൽ മരിക്കുമ്പോൾ വെറും മുപ്പത് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. തെലുഗു സിനിമയിലെ ജനപ്രിയ നായികയായിരുന്ന സൗന്ദര്യ മറ്റ് ഭാഷകളിലും മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

soundarya life story
soundarya life story

സിനിമാ രംഗത്ത് സൗന്ദര്യ നൽകിയ സംഭാവനകൾ മറക്കാൻ കഴിയുന്നതല്ല. നിരവധി ഹിറ്റ് ചിത്രങ്ങളാണ് സൗന്ദര്യയുടെതായി പുറത്തിറങ്ങിയത്. അവയിൽ മലയാളവും തമിഴുമെല്ലാം ഉൾപ്പെടും. അവരുടെ അഭിനയ മികവും സൗന്ദര്യവും ജനപ്രിയ നടിമാരിൽ ഒരാളായി അവരെ ഉയര്‍ത്തിക്കൊണ്ട് വന്നു. തന്റെ കരിയറിലുടനീളം ഒരു പരമ്പരാഗത നായിക എന്ന നിലയിലാണ് അവർ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. തെലുഗു സിനിമയിലെ നിത്യഹരിതനായികയെന്നും അവർ അറിയപ്പെടുന്നു. 12 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിനിടയിൽ നൂറിലധികം സിനിമകളിൽ വേഷമിടാൻ സൗന്ദര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാലത്തെ എല്ലാ സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു. അമ്മോരു എന്ന സിനിമയിലെ പ്രകടനത്തിന് ശേഷം ആധുനിക തെലുങ്ക് സിനിമയിലെ സാവിത്രി എന്ന വിശേഷണമാണ് അവർക്ക് ലഭിച്ചത്. തെലുങ്ക് സിനിമയിലെ ജനപ്രിയ നായിക എന്ന നിലയിൽ 1990കളിലും 2000ത്തിന്റെ ആദ്യകാലത്തും സൗന്ദര്യ ടോളിവുഡ് അടക്കിവാണു. വ്യത്യസ്തമായ നിരവധി വേഷങ്ങളെ അവിസ്മരണീയമാക്കിത്തീർക്കാൻ സൗന്ദര്യക്കുണ്ടായിരുന്ന കഴിവ് പ്രശംസനീയമാണ്.

അകാലത്തിൽ വിട്ടു പോയെങ്കിലും സിനിമാ പ്രേമികളുടെ മനസിൽ സൗന്ദര്യയ്ക്കുണ്ടായിരുന്ന സ്ഥാനം എന്നും നിലനിൽക്കും. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയിലാണ് സൗന്ദര്യ മരിച്ചത്. കന്നഡയിലും തമിഴിലും മലയാളത്തിലുമായി നിറഞ്ഞു നില്‍ക്കുന്ന കാലത്ത് തന്നെ ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു സൗന്ദര്യ. തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന്‍ അമര്‍നാഥ് ഷെട്ടിയും ബി.ജെ.പി പ്രവര്‍ത്തകന്‍ രമേഷ് കദമും മലയാളി പൈലറ്റ് ജോയ് ഫിലിപ്‌സ് എന്നിവര്‍ക്കൊപ്പമാണ് ആന്ധ്രയിലേയ്ക്ക് യാത്ര പുറപ്പെട്ടത്. രാവിലെ പതിനൊന്ന് മണിക്ക് ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന നാല് സീറ്റ് മാത്രമുള്ള സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 180 ചെറുവിമാനം നൂറടി ഉയരും മുമ്പ് തന്നെ അഗ്‌നികുണ്ഠമായി നിലംപതിച്ചു. വീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അകത്ത് യാത്രികര്‍ നാലുപേരും.