‘കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ല, ഇത് ചൂഷണം’; എസ്പിബിയുടെ ശബ്ദം എഐയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ മകൻ

എസ്പി ബാലസുബ്രമണ്യന്റെ ശബ്ദം എഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ എസ്പിബിയുടെ മകൻ എസ്പി ചരൺ രം​ഗത്ത്. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രമണ്യന്റെ ശബ്ദം പുനഃസൃഷ്ടിച്ചതെന്നാണ് വിമർശനം. തെലുങ്ക് ചിത്രം ‘കിടാ കോള’യ്ക്ക് വേണ്ടിയാണ് എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്. സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്ക് എസ്പി ചരൺ നോട്ടീസ് അയച്ചിട്ടുണ്ട്.. കുടുംബത്തിന്റെ അറിവോ സമ്മതമോ ഇക്കാര്യത്തിൽ ഇല്ലായിരുന്നു. നിർമാതാക്കൾ കൃത്യമായ മറുപടി പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ചരൺ ആവശ്യപ്പെട്ടു.

അതേസമയം,, എസ്പിബിയുടെ മരണ ശേഷവും ആ ശബ്ദം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും എഐയിലൂടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിൽ സന്തോഷമുണ്ടെന്നും മകൻ പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. ഇത് വാണിജ്യപരമായ ചൂഷണമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.