ഇവിടെയുള്ളവര്‍ സ്‌ക്വിഡ് ഗെയിം കാണുന്നത് ഒളിച്ചിരുന്ന്, കണ്ടുപിടിച്ചാല്‍ വധശിക്ഷ!!

നെറ്റ്ഫ്‌ളിക്‌സ് എന്ന ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ ലക്ഷകണക്കിന് ആരാധകരെ സൃഷ്ടിച്ച വെബ് സീരീസാണ് സ്‌ക്വിഡ് ഗെയിം. സീരീസിന്റെ കഥ കുറേ മുന്‍പ് രചിച്ചു വെച്ചിരുന്നു എങ്കിലും നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തതോടെ സ്‌ക്വിഡ് ഗെയിം ഒരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. സെപ്റ്റംബര്‍ മാസം റിലീസായ ഈ ദക്ഷിണ കൊറിയന്‍ സീരീസ് ആദ്യ നാല് ആഴ്ചകള്‍ കൊണ്ട് 160 കോടിയില്‍ അധികം ആളുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്.

ലോകമെമ്പാടും സ്‌ക്വിഡ് ഗെയിം ആസ്വദിച്ച് കാണുമ്പോള്‍ ഉത്തരകൊറിയക്കാര്‍ക്ക് മാത്രം ഇത് സാധ്യമാകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇനി അഥവാ ഒളിച്ചിരുന്ന് കണ്ടാലോ തലപോകും എന്ന കാര്യം ഉറപ്പാണ്. സീരീസിന് ദക്ഷിണകൊറിയയുടെ അയല്‍ രാജ്യമായ ഉത്തരകൊറിയയില്‍ കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിന് പുറത്തുനിന്നുമുള്ള പ്രത്യേകിച്ച് ദക്ഷിണകൊറിയയില്‍ നിന്നുള്ള വിനോദപരിപാടികള്‍ ഉത്തരകൊറിയയിലുള്ളവര്‍ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ് അവരെ കാത്തിരിക്കുന്നത്. എന്നിട്ടും ഹരം കൊള്ളിക്കുന്ന ഈ സീരീസ് ജീവന്‍ പണയം വെച്ചും കാണാന്‍ വരെ ഉത്തരകൊറിയക്കാര്‍ തയ്യാറായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വലിയ സമ്മാനത്തുകയ്ക്ക് വേണ്ടി അപകടകരമായ ഒരു മത്സരത്തില്‍ പങ്കെടുക്കുകയും വിജയിക്കാന്‍ വേണ്ടി ഏതറ്റം വരെ പോകുന്നതുമാണ് സ്‌ക്വിഡ് ഗെയിം എന്ന സീരീസിന്റെ ഇതിവൃത്തം.

എന്നാല്‍ ഗെയിമില്‍ പരാജയപ്പെട്ടാല്‍ തങ്ങള്‍ മരിക്കുമെന്ന വിവരം ഓരോ മത്സരാര്‍ത്ഥികള്‍ക്കും അറിയില്ലായിരുന്നു, എന്നതുമാണ് കഥ.