അസ്സംബ്ലിയിൽ തല കറങ്ങി വീണു പട്ടിണിക്കാലം ഓർത്തെടുത്ത് ശ്രീജാ രവി

ശബ്ദം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായ കലാകാരിയാണ് ശ്രീജ രവി. കുട്ടിക്കാലം മുതല്‍ക്കേ ഡബ്ബിംഗ് രംഗത്തെ നിറ സാന്നിധ്യമായി മാറിയ ശ്രീജ രവി വെള്ളിത്തിരയിൽ ബേബി ശാലിനി മുതല്‍ മഞ്ജു വാര്യര്‍ വരെയുള്ള നായികമാരുടെ ശബ്ദമായി മാറിയിട്ടുണ്ട്.എന്നാൽ ഇപ്പോള്‍ അഭിനയത്തിലും സജീവമായി മാറിയിരിക്കുകയാണ് ശ്രീജ രവി. വരനെ ആവശ്യമുണ്ട്, കഠിനകഠോരമീ അണ്ഡകഡാഹം തുടങ്ങിയ സിനിമകളിലൂടെ ശബ്ദത്തിനൊപ്പം അഭിനത്തിലൂടേയും മലയാളികളുടെ മനസില്‍ ഇടം കണ്ടെത്തുകയാണ് ശ്രീജ രവി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ശ്രീജയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എന്റെ അമ്മ കലാകാരിയായിരുന്നു. അച്ഛന്‍ കുഞ്ഞിക്കുട്ടന്‍ എഞ്ചിനീയറും. ഞങ്ങള്‍ കണ്ണൂരുകാരാണ്. അമ്മ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അമ്മ അഭിനയിച്ച സിനിമകളില്‍ മകനേ നിനക്കു വേണ്ടി, കരിപുരണ്ട ജീവിതങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് എന്നിവ മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. ഞങ്ങള്‍ ഒമ്പത് മക്കളാണ്. എട്ടാമത്തെ ആളാണ് ഞാന്‍.

SreejaRavi

1972 ല്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണ ശേഷം ഞങ്ങള്‍ നാലു പേരുമായി അമ്മ മദ്രാസിലേക്ക് വന്നു. മറ്റ് അഞ്ച് സഹോദരങ്ങളും അമ്മയുടെ കൂടെ വരാന്‍ തയ്യാറായിരുന്നില്ല” ശ്രീജ രവി പറയുന്നു. അവര്‍ക്കെല്ലാം നാട്ടില്‍ ജോലികളുണ്ടായിരുന്നുവെന്നാണ് ശ്രീജ പറയുന്നത്. അന്ന് മദ്രാസായിരുന്നു സിനിമാ ഹബ്. അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടും എന്ന പ്രതീക്ഷയോടെയാണ് അമ്മ ഞങ്ങളുമായി വണ്ടി കയറിയതെന്നും പക്ഷെ അമ്മയുടെ പ്രതീക്ഷ തെറ്റിയെന്നും ശ്രീജ പറയുന്നു. പ്രതീക്ഷിച്ചത് പോലെ അമ്മയ്ക്ക് അവസരം കിട്ടിയില്ലെന്നാണ് താരം പറയുന്നത്. അമ്മയുടെ സംസാരത്തിലെ കണ്ണൂര്‍ ശൈലിയും ഡബ്ബിങ്ങില്‍ അവസരങ്ങള്‍ കുറയാന്‍ കാരണമായെന്നും ശ്രീജ ചൂണ്ടിക്കാണിക്കുന്നു. തന്റെ അമ്മയുടെ ശബ്ദം പതിഞ്ഞതാണെന്നും ശ്രീജ ഓര്‍ക്കുന്നുണ്ട്. അക്കാലത്ത് ആരും സിനിമാക്കാര്‍ക്ക് വീടു വാടകയ്ക്ക് കൊടുക്കില്ലായിരുന്നുവെന്നും അതുകാരണം അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ശ്രീജ പറയുന്നു. തങ്ങളേയും കൂട്ടി അമ്മ ആറോ ഏഴോ മാസം കൂടുമ്പോള്‍ വീടുമാറുന്നത് പതിവായിരുന്നുവെന്ന് ശ്രീജ പറയുന്നു. അങ്ങനെ കോടമ്പാക്കത്ത് കുട്ടിക്കാലത്ത് തന്നെ പത്തോളം വാടക വീടുകളില്‍ ഞങ്ങള്‍ മാറിമാറി താമസിച്ചിട്ടുണ്ട്. അമ്മ അന്നത്തെ ഫിഫ്ത് ഫോം ആണ്. ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. അങ്ങനെ ഫാത്തിമ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ ചെറിയ ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്ന ജോലി നേടിയെന്നാണ് ശ്രീജ പറയുന്നത്. അതേ സ്‌കൂളില്‍ എനിക്കും സഹോദരനും സൗജന്യ വിദ്യാഭ്യാസം കിട്ടി. സിസ്റ്റര്‍മാര്‍ നടത്തുന്ന സ്‌കൂളായിരുന്നു അതെന്നും താരം പറയുന്നു. അതേസമയം തങ്ങള്‍ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന കാലമായിരുന്നു അതെന്ന് ശ്രീജ പറയുന്നുണ്ട്. എങ്കിലും തങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം തരുന്നതില്‍ അമ്മ കുറവ് വരുത്തിയില്ലെന്നും ശ്രീജ പറയുന്നു.

പട്ടിണി കിടന്ന ദിവസങ്ങളെ ഓർത്തെടുക്കുകയാണ് ശ്രീജ. ഒരിക്കല്‍ അസംബ്ലിക്ക് വെയിലത്തു നില്‍ക്കുമ്പോള്‍ ഞാന്‍ തലകറങ്ങി വീണു, സിസ്റ്റര്‍മാര്‍ തന്നെ സ്റ്റാഫ് റൂമില്‍ കൊണ്ടു പോയി കാര്യം തിരക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നുവെന്നാണ് ശ്രീജ പറയുന്നത്. ഞങ്ങള്‍ രാവിലെ ഒന്നും കഴിക്കാതെയാണ് സ്‌കൂളില്‍ വരുന്നതെന്നറിഞ്ഞതു മുതല്‍ സ്‌കൂളില്‍ നിന്നു ഞങ്ങള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണവും തന്നു തുടങ്ങിയെന്നാണ് ശ്രീജ പറയുന്നത്. അതേസമയം സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ അമ്മ മറ്റ് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കും. അവരുടെ വീടുകളിൽ നിന്നും ചായയും ബിസ്‌ക്കറ്റും കിട്ടിയാല്‍ ചായ മാത്രം കുടിച്ച്‌ ബിസ്‌ക്കറ്റ് ഞങ്ങള്‍ക്ക് കൊണ്ടു തരുമായിരുന്നുവെന്നും ശ്രീജ ഓര്‍ക്കുന്നുണ്ട്. ശ്രീജ മാത്രമല്ല അമ്മയുടെ പാതയിലൂടെ ശ്രീജയുടെ മകള്‍ രവീണയും ഡബ്ബിംഗിലേക്കും പിന്നാലെ അഭിനയത്തിലും സജീവമായി മാറുകയാണ് ഇപ്പോൾ.