മണിക്കുട്ടന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ശ്രീ മുത്തപ്പന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്!!

മണിക്കുട്ടന്‍, മധുപാല്‍, ജോയ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ”ശ്രീ മുത്തപ്പന്‍”ന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ”ശ്രീ മുത്തപ്പന്‍”. പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാലതാരം പൃഥ്വി രാജീവന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാബു അന്നൂര്‍, ഷെഫ് നളന്‍, അനീഷ് പിള്ള, മുന്‍ഷി രഞ്ജിത്, മീര നായര്‍, അല എസ് നയന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ആദ്യമായിട്ടാണ് ശ്രീ മുത്തപ്പന്‍ ചരിതം വെള്ളിത്തിരയിലേക്ക് എത്തുന്നത്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ കഥയാണ് ചിത്രത്തിന്റെ കഥ.

പ്രകൃതിയേയും മനുഷ്യനേയും പൊന്നു പോലെ സ്‌നേഹിച്ച ഉത്തര മലബാറിന്റെ സ്വന്തം ദൈവസങ്കല്പമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കുന്നത്തൂര്‍, പറശ്ശിനിക്കടവ് തുടങ്ങി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

തിരക്കഥ-ബിജു കെ ചുഴലി,ചന്ദ്രന്‍ നരിക്കോട്,ഛായാഗ്രഹണം-റെജി ജോസഫ്,എഡിറ്റിങ്- രാജേഷ് ടി വി,സംഗീതം-രമേഷ് നാരായണ്‍,ഗാനരചന-മുയ്യം രാജന്‍,ആര്‍ട്ട്-മധു വെള്ളാവ്,മേക്കപ്പ്-വിജേഷ്,പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്സ്‌ക്യുട്ടിവ്- വിനോദ്കുമാര്‍ കയ്യം,ചമയം-ബാലചന്ദ്രന്‍ പുതുക്കുടി,കോറിയോഗ്രാഫി- സന്തോഷ് കരിപ്പാല്‍,സ്റ്റില്‍സ്-വിനോദ് പ്ലാത്തോട്ടം,രാജേഷ് കാഞ്ഞിരങ്ങാട്,പരസ്യകല-എംപീസ്, വിതരണം-കാമധേനു,ആശയം-പി പി ബാലകൃഷ്ണന്‍ പെരുവണ്ണാന്‍,പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.