‘എക്‌സ്ട്രാ ഓര്‍ഡിനറി’!!! മഞ്ഞുമ്മല്‍ ബോയ്‌സിന് കൈയ്യടിച്ച് അനുരാഗ് കശ്യപ്

മലയാള സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ഥ സംഭവത്തെ ചിദംബരം സിനിമയാക്കിയപ്പോള്‍ ആരാധകലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ചിത്രത്തിനെ. ബോക്‌സോഫീസില്‍ നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. മികച്ച…

മലയാള സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ഥ സംഭവത്തെ ചിദംബരം സിനിമയാക്കിയപ്പോള്‍ ആരാധകലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ചിത്രത്തിനെ. ബോക്‌സോഫീസില്‍ നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണങ്ങളും അഭിനന്ദനവുമാണ് ചിത്രം നേടുന്നത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നെ പ്രകീര്‍ത്തിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘എക്സ്ര്ടാ ഓര്‍ഡിനറി’ എന്നാണ് കശ്യപ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സമീപകാലത്തെ മലയാളത്തിലെ തുടരെയുള്ള ഗംഭീര സിനിമകള്‍ ബോളിവുഡിനെ ഏറെ പിന്നിലാക്കിയെന്നും സിനിമാ റിവ്യൂ ആപ്പായ ലെറ്റര്‍ബോക്സ്ഡില്‍ അനുരാഗ് കശ്യപ് പങ്കുവച്ചു.

‘അസാധാരണ നിലവാരം പുലര്‍ത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ വന്‍ബജറ്റ് ചിത്രങ്ങളക്കോളും മികച്ച സിനിമ. അസാമാന്യ ആത്മവിശ്വാസവും അസാധ്യ കഥപറച്ചിലും. ഹിന്ദിയില്‍ ഇത്തരം ചിത്രങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാനാവൂ. തുടരെയുള്ള മലയാള ചിത്രങ്ങള്‍ ഹിന്ദി സിനിമയെ വളരെ പിന്നിലാക്കി’ എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കഴിഞ്ഞ ദിവസം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത് 12 ദിവസത്തിലാണ് സുവര്‍ണ നേട്ടവും സ്വന്തമാക്കിയത്. മലയാളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും വന്‍ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.