17 വര്‍ഷത്തിന് ശേഷം ബിഗ്ബിയും കിങ് ഖാനും ഒന്നിക്കുന്നു!! ചിത്രം അണിയറയില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിന്റെ ബിഗ്ബിയും കിങ് ഖാനും ഒന്നിക്കുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒരുമിക്കുന്നത്. 2006-ല്‍ പുറത്തിറങ്ങിയ ‘കഭി അല്‍വിദാ ന കെഹ്ന’യിലാണ് താരങ്ങള്‍ അവസാനമായി ഒരുമിച്ച് എത്തിയത്.

ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് താരം പുതിയ ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. ‘X’ല്‍ ഫാന്‍സുമായി നടന്ന ‘ആസ്‌ക് എസ്ആര്‍കെ’ ചോദ്യോത്തര വേളയിലാണ് നടന്‍ അമിതാഭ് ബച്ചനുമായി ഒരു സിനിമയ്ക്ക് തയ്യാറെടുക്കുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും വ്യത്യസ്തമായ ഒരു പ്രോജക്റ്റിനായി ഒരുങ്ങുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരുടെയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബിഗ് ബിയെക്കുറിച്ച് പറയാന്‍ ഒരു ആരാധകന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഷാരൂഖ് പുതിയ ചിത്രത്തിനെ കുറിച്ച് പറഞ്ഞത്.

‘വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ സന്തോഷം നല്‍കുന്നു. അദ്ദേഹം ഷൂട്ടിനെത്തിയിരുന്നു. ഈ മത്സരത്തില്‍ അദ്ദേഹം എന്നെ പരാജയപ്പെടുത്തുമെന്ന് ഞാന്‍ ആദ്യമേ പറയുന്നു.’ എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

ഹിറ്റ് ചിത്രങ്ങളായ ‘കഭി ഖുശി കഭി ഗം’, ‘മൊഹബത്തേന്‍’ യിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 2006-ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘കഭി അല്‍വിദാ ന കെഹ്ന’യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.

ബോളിവുഡ് ലോകം ഷാരുഖ് ഖാന്റെ ‘ജവാനാ’യി കാത്തിരിക്കുകയാണ്. പത്താന്റെ വന്‍ വിജയത്തിന് ശേഷം എത്തുന്ന കിങ് ഖാന്റെ ചിത്രമാണ്. ‘ജവാന്‍’ സെപ്റ്റംബര്‍ ഏഴിന് തിയ്യേറ്ററിലെത്താനിരിക്കുകയാണ്. ശേഷം രാജ്കുമാര്‍ ഹരാനിയുടെ ‘ഡങ്കി’ എന്ന ചിത്രവും എത്തും.