Categories: Film News

കണ്ണൂര്‍ സ്‌ക്വാഡ് ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

പ്രശസ്ത സംഘട്ടന സംവിധായകന്‍ ജോളി ബാസ്റ്റിന്‍ (53) അന്തരിച്ചു. കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസന്‍സ്, ഓപ്പറേഷന്‍ ജാവ, തങ്കം, നാ താന്‍ കേസ് കൊട്, അവസാനമിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയുടെ ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു ജോളി. ഇന്നലെ രാത്രി ആയിരുന്നു മരണം. നിരവധി താരങ്ങളാണ് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.

ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ എത്തിയതായിരുന്നു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവില്‍ വച്ച് നടക്കും.

നിവേദ്യം മുതല്‍ നിരവധി മലയാളം സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചുണ്ടെങ്കിലും അങ്കമാലി ഡയറീസിലെ ആക്ഷന്‍ രംഗങ്ങള്‍ ജോളി ബാസ്റ്റിന് ഒരുപാട് പ്രശസ്തി നേടി കൊടുത്തു. കലി, ഡ്രൈവിംഗ് ലൈസന്‍സ്, ഓപ്പറേഷന്‍ ജാവ, ന്നാ താന്‍ കേസ് കൊട്, കാസര്‍ഗോള്‍ഡ്, തങ്കം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി നിരവധി നിനിമകളില്‍ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു. കൂടാതെ സഖാവിന്റെ പ്രിയസഖി, എരിഡ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സൈലന്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തു.

മലയാളത്തില്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ജോളി കന്നട സിനിമകളിലും സജീവമായിരുന്നു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി സ്റ്റണ്ട് ഡയറക്ടായിട്ടുണ്ട്. കന്നടയില്‍ ‘നികാകി കാടിരുവെ’ എന്ന റെമാന്റിക് ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. ബൈക്ക് സ്റ്റണ്ടിലൂടെയാണ് ജോളി കന്നട സിനിമയിലെത്തുന്നത്. കന്നഡ താരം രവിചന്ദ്രന്റെ ബൈക്ക് സ്റ്റണ്ടുകളില്‍ ബോഡി ഡബിള്‍ ചെയ്തത് ജോളിയായിരുന്നു. ഏതാനും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടകയിലെ സംഘടനയില്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Anu B

Anu B,Film Journalist at B4blaze Malayalam