‘കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് മമ്മൂക്ക ചോദിച്ചു’ ; വെളിപ്പെടുത്തി സുധി കോഴിക്കോട് 

 

ബോക്സ് ഓഫീസിൽ ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് കാതൽ-ദി കോർ. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി ഒരുക്കിയിരിക്കുന്ന സിനിമയിലെ നായിക ജ്യോതികയാണ്. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടിയും ഭാര്യ ഓമനയായി ജ്യോതികയും കയ്യടി നേടുകയാണ്. മുഖ്യധാര മലയാള സിനിമ ഇതുവരെ കടന്നു ചെല്ലാത്തൊരു വിഷയവും മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവുമാണ് കാതലിലേത്. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. സിനിമയിലെ ഓരോ കഥാപാത്രങ്ങളും കയ്യടി നേടുന്നുണ്ട്. അതിൽ എല്ലാവരും എടുത്ത് പറയുന്ന ഒരു കഥാപാത്രമാണ് തങ്കൻ. നടൻ സുധി കോഴിക്കോട് ആണ് ആ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് സുധി. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുടെങ്കിലും 43-ാമത്തെ പടത്തിലാണ് പ്രേക്ഷകർ തിരിച്ചറിയുന്ന തരത്തിലുള്ള ഒരു വലിയ വേഷം സുധിക്ക് ലഭിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് സുധി.

മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആ സന്തോഷം പങ്കു വയ്ക്കുകയാണ് നടൻ. ഓഡിഷൻ ചെയ്തു നോക്കിയതിനു ശേഷമാണ് തങ്കൻ എന്ന കഥാപാത്രത്തിലേക്ക് എന്നെ ഉറപ്പിക്കുന്നത്. മമ്മൂക്കയുടെ പ്രായത്തിലേക്ക് എന്നെ കൊണ്ടു വരുന്ന തരത്തിലുള്ള ഗെറ്റപ്പായിരുന്നു എനിക്ക്. മേക്കപ്പിലും ഓഡിഷൻ നടന്നു. അതിനുശേഷമാണ് ഇതൊരു മമ്മൂക്ക പടമാണെന്ന് ഞാൻ അറിയുന്നത്. അദ്ദേഹത്തിനൊപ്പം പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തിൽ, അങ്കിൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നെ കണ്ടാൽ തിരിച്ചറിയാവുന്ന പരിചയം അദ്ദേഹവുമായുണ്ട്. മമ്മൂക്കയുമായി കോംബിനേഷനുകൾ കുറവാണെങ്കിലും തന്റെ സീനുകളൊക്കെ മമ്മൂക്ക കാണുന്നുണ്ടായിരുന്നുവെന്ന് സുധി പറയുന്നു. ‘മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ ഞാനും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് പോസറ്റീവ് റിയാക്ഷൻ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. കാരണം, അദ്ദേഹത്തെപ്പോലെ ഒരു മഹാനടനൊപ്പം അതും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ചിത്രത്തിൽ ഇത്ര വലിയ കഥാപാത്രത്തെ അഭിനയിക്കാനുള്ള അവസരം അപൂർവമാണല്ലോ,’ സുധി പറയുന്നു.

സെറ്റിൽ വെച്ച് മമ്മൂട്ടിയ്‌ക്കൊപ്പമുണ്ടായ മറക്കാനാവാത്ത ചില അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.’ഷൂട്ടിന്റെ ആദ്യ ദിവസം മമ്മൂക്ക സെറ്റിൽ വന്നു. ഞാൻ മമ്മൂക്കയുടെ കണ്ണിൽപ്പെടാതെ പിന്നോട്ട് മാറി നിൽക്കുകയായിരുന്നു. നടനും സംവിധായകനുമായ മുസ്തഫയൊക്കെയുണ്ട് സെറ്റിൽ. അദ്ദേഹത്തിന്റെ പിന്നിലാണ് ഞാൻ നിന്നത്. മമ്മൂക്കയുടെ ഓർമശക്തി സമ്മതിക്കണം. അദ്ദേഹം അവിടെ വന്ന് 360 ഡിഗ്രി നോക്കി. എന്നെ കണ്ടു. അദ്ദേഹം കൈനീട്ടി എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ ഞെട്ടിപ്പോയി. മനസു നിറഞ്ഞു പോയെന്നൊക്കെ പറയില്ലേ. ഞാൻ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു പോയി. സിനിമയുടെ ഷൂട്ട് തീർന്ന ദിവസം മറ്റൊരു സംഭവം നടന്നു. മമ്മൂക്ക ഷൂട്ട് പൂർത്തിയാക്കി സെറ്റിൽ നിന്നു പോകുന്നതിനു മുമ്പ് എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കുന്ന പരിപാടിയുണ്ട്. എല്ലാവരും വന്ന് മമ്മൂക്കയ്ക്കൊപ്പം ഫോട്ടോ എടുക്കും. ഞാനും ചെന്ന് ഫോട്ടോ എടുത്തു. സാധാരണ പോലെ അടുത്തു നിന്നായിരുന്നു ആ ഫോട്ടോ. അതെടുത്തതിനു ശേഷം ഞാൻ പറഞ്ഞു, ‘മമ്മൂക്ക… എനിക്കിതു പോരാ’. എന്റെ കൈ പിടിച്ച് അദ്ദേഹം ചോദിച്ചു, ‘തനിക്കെന്താടോ വേണ്ടേ?’ എന്ന്,’ ‘ഞാൻ പറഞ്ഞു, “ഈ കൈ എടുത്ത് എന്റെ തലയിൽ വയ്ക്കാൻ പറ്റോ?. അദ്ദേഹം ചിരിച്ചു. അദ്ദേഹം എന്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. ആ നിമിഷം കാതലിന്റെ സ്റ്റിൽ ഫോട്ടോഗ്രഫർ ലെബിസൺ ഗോപി കൃത്യമായി ക്യാമറയിൽ പകർത്തുകയും ചെയ്തു. അങ്ങനെ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ വാട്ട്സാപ്പിലെ എന്റെ ഡിപി. ആ ഫോട്ടോ ഫ്രെയിം ചെയ്ത് വീട്ടിലും സൂക്ഷിച്ചിട്ടുണ്ട്. ഒരുപാടു പേർക്ക് ജീവിതം ഉണ്ടാക്കിക്കൊടുത്ത മഹാമനുഷ്യനാണ് മമ്മൂക്ക, എന്നും സുധി കോഴിക്കോട് പറയുന്നു.