പ്രിയപ്പെട്ട ബൂ…ഇനിയും കാലങ്ങളോളം നീ ഇവിടെ എന്നോടൊപ്പം ഉണ്ടാവേണ്ടതായിരുന്നു!!! സുജിത്ത് രാജേന്ദ്രന് കണ്ണീര്‍ക്കുറിപ്പുമായി സുരഭി സന്തോഷ്

അകാലത്തില്‍ പൊലിഞ്ഞ യുവനടന്‍ സുജിത്ത് രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് നടി സുരഭി സന്തോഷ്. പകരം വയ്ക്കാനില്ലാത്ത ശൂന്യത സൃഷ്ടിച്ചിട്ടാണ് സുജിത്ത് അകാലത്തില്‍ വിടപറയുന്നതെന്ന് സുരഭി പറയുന്നു. താന്‍ ബൂ എന്ന് വിളിക്കുന്ന സുജിത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകില്ല, സുജിത്തിന്റെ കഴിവുകള്‍ ലോകം അംഗീകരിക്കുന്നത് കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും സുരഭി പറയുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സുജിത്തിന്റെ അപ്രതീക്ഷിത വിയോഗം. മാര്‍ച്ച് 26ന് ആലുവ പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പകരം വയ്ക്കാനില്ലാത്ത ഒരു ശൂന്യത എന്റെ ആത്മാവില്‍ അവശേഷിപ്പിച്ചാണ് നീ മടങ്ങുന്നത്. എന്റെ പ്രിയപ്പെട്ട ബൂ, നീയും നിന്റേതായ മധുരതരമായ വ്യക്തി പ്രഭാവലയവും എന്റെ മാത്രമല്ല നിന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് നീ ഈ ലോകം വിട്ടു പോകുന്നത്. നിന്നെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നു. കാരണം നീ ഇങ്ങനെ പോകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയും കാലങ്ങളോളം നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരിക്കേണ്ടതായിരുന്നു.

നീ സുന്ദരമായി വാര്‍ധക്യം പ്രാപിക്കുന്നതും കഠിനമായി പൊരുതി നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇനി ഞാന്‍ ആരെയാണ് ‘ബൂ’ എന്ന് വിളിക്കുന്നത്? ഞാന്‍ കണ്ണ് നീറുന്നതുവരെ ചിരിക്കാന്‍ വേണ്ടി മണ്ടന്‍ തമാശകള്‍ പറയാന്‍ ഇനി ആരുണ്ട്? നിന്റെ മഹത്വം ഈ ലോകം അറിയണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുള്ളവരില്‍ ഒരാളാണ് നീ. ഗായകന്‍, നര്‍ത്തകന്‍, നടന്‍, വാഗ്മി, നല്ല മനുഷ്യന്‍ എന്ന നിലയില്‍ നിന്നെക്കാള്‍ നല്ലൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. നിന്നെ പരിചയമില്ലാത്തവര്‍ക്ക് ഇതൊന്നും അറിയില്ലായിരിക്കും, പക്ഷേ എന്റെ ബൂ, നിന്നെ അറിയുന്നവരില്‍ നീ എന്നെന്നും ജീവിക്കും.

സുജിത്ത് രാജ് കൊച്ചുകുഞ്ഞ്, നിന്നെ അറിയാവുന്നവര്‍ ആഘോഷിക്കുന്ന ഒരു പവര്‍ ഹൗസാണ് നീ. ഒരു പക്ഷേ ഇന്‍ഡസ്ട്രി നിന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അടുത്തറിയാവുന്നവര്‍ക്ക് മിന്നിത്തിളങ്ങുന്ന ഒരു താരമാണ് നീ. ഇനി ഇപ്പോള്‍ നീ സ്വര്‍ഗത്തെ പ്രകാശമാനമാക്കേണ്ട സമയമാണ് എന്ന് എനിക്ക് തോന്നുന്നു. ഞാന്‍ എന്നെന്നും നിന്നെ സ്‌നേഹിക്കും എന്റെ പ്രിയപ്പെട്ട ബൂ.. എന്നാണ് സുരഭി വിഷ്ണു പങ്കുവച്ചത്.