‘ബഷീറിന്റെ മതിലുകള്‍’ അടൂര്‍ ഗോപാലകൃഷ്ണന്‍ മനോഹരമാക്കിയ പോലെ ‘ബെന്യാമിന്റെ ആടുജീവിതം’ ബ്ലെസിയും മനോഹരമാക്കി-സന്ദീപാനന്ദഗിരി

മലയാള സിനിമാ ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതി മുന്നേറുകയാണ് പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതം. തിയ്യേറ്ററിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചിത്രം 82 കോടി രൂപയില്‍ അധികം നേടിയെന്നുമാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഏറെ പ്രതീക്ഷയോടെ ഗള്‍ഫിലേക്ക് പോകുന്ന നജീബിനെ മണലാരണ്യത്തില്‍ കാത്തിരുന്നത് ശരിയ്ക്കും കണ്ണുനിറയ്ക്കുന്ന അടിമജീവിതമായിരുന്നു.

ബെന്യാമിന്‍ പുറംലോകത്തിന് പരിചയപ്പെടുത്തിയ നജീബിന്റെ കഥയായ ആടുജീവിതം നോവലാണ് ബ്ലെസ്സി സിനിമയാക്കിയത്. നജീബായി പൃഥ്വിരാജ് മികച്ച അഭിനയമാണ് കാഴ്ച വച്ചത്. നജീബായി പൃഥ്വി ജീവിക്കുകയായിരുന്നെന്നാണ് പ്രേക്ഷകാഭിപ്രായം.

ചിത്രത്തിന് നിരവധി പ്രശംസകളാണ് സോഷ്യലിടത്ത് നിറയുന്നത്. ഇപ്പോഴിതാ സ്വാമി സന്ദാപാനന്ദഗിരിയും ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. സന്ദീപാനന്ദഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ,

ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് വെള്ളിത്തിരയിലൊരുക്കിയ ‘ആടുജീവിതം’ സിനിമ ഇന്നലെ കണ്ടു. മരുഭൂമിയിലെ ഒട്ടകങ്ങളോടും ആടുകളോടുമൊപ്പമുള്ള അസഹനീയവും അവിശ്വസനീയവുമായ ജീവിത കഥ *ആടുജീവിതം*എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കമായതിനാല്‍ കഥയുടെ തുടക്കവും ഒടുക്കവും രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും കഥയുടെ തുടക്കവും ഒടുക്കവും എല്ലവര്‍ക്കും അറിയുന്നതുപോലെ ബെന്യാമിനെന്നെ അനുഗ്രഹീത എഴുത്തുകാരനിലൂടെ നജീബെന്ന ചെറുപ്പക്കാരന്റെ കഥയുടെ തുടക്കവും ഒടുക്കവും ഏവര്‍ക്കും സുപരിചിതം.

ബെന്യാമിന്റെ ആടുജീവിതവും പൌലോകൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റും ഒറ്റ ഇരുപ്പില്‍ വായിച്ച് വിസ്മയിച്ച പുസ്തകങ്ങളാണ്! ലോക ചരിത്രം നമ്മള്‍ കണക്കാക്കുന്നത് കൃസ്തുവിന് മുമ്പ് കൃസ്തുവിന് ശേഷം എന്നിങ്ങനെയാണ് അതുപോലെ മലയാള സിനിമ ഇനി അറിയപ്പെടുക ഭ്രമയുഗത്തിനും, ആടുജീവിതത്തിനും മുമ്പ് ശേഷം എന്നായിരിക്കും.

സിനിമ ആരുടേതാണ് ? ബ്ലെസിയുടേതോ അതോ പൃഥ്വിരാജിന്റേതോ?
രണ്ടു കുട്ടികളുള്ള അമ്മയോട് ഏത് കുട്ടിയാണ് നിങ്ങളുടെ പ്രിയപ്പെട്ട കുട്ടി എന്നു ചോദിക്കുന്നപോലെയായിരിക്കും ഈ ചോദ്യം.
ബഷീറിന്റെ മതിലുകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മനോഹരമാക്കിയതുപോലെ ബന്യാമിന്റെ ആടുജീവിതം ബ്ലെസിയും മനോഹരമാക്കി.

പൃഥ്വിരാജിനെ ഈ സിനിമയില്‍ രണ്ടുമൂന്നു മിനിറ്റുകള്‍ മാത്രമേ കാണുകയുള്ളൂ,ബാക്കി അത്രയും നജീബ് മാത്രം. ഒപ്പം അഭിനയിച്ചവര്‍ക്കും അണിയറയിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, തിയേറ്ററില്‍ത്തന്നെ കണ്ടിരിക്കേണ്ട അതി മനോഹരചിത്രമാണ് ആടുജീവിതം.. എന്നാണ് സന്ദീപാനന്ദഗിരി കുറിച്ചത്.