അങ്ങനെയൊരു പിശക് വരാൻ പാടില്ലല്ലോ! അതും അണ്ണന്റെ ഉയിരായ തമിഴിൽ തന്നെ; ഒടുവിൽ തീരുമാനമെടുത്ത് വിജയ്

ഈ മാസം ആദ്യമായാണ് ദളപതി വിജയ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നാണ് വിജയ് അറിയിച്ചിട്ടുള്ളത്. തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് വിജയ് ലക്ഷ്യമിടുന്നത് 2026-ലെ നിയമസഭ തെരഞ്ഞെ‌ടുപ്പാണ്. എന്നാൽ, പാർട്ടിയുടെ പേരാണ് ഇപ്പോൾ സജീവ ചർച്ചകളിൽ നിറയുന്നത്.

തമിഴക വെട്രി കഴകം എന്ന് എഴുതുന്നത് തമിഴ് വ്യാകരണ പ്രകാരം തെറ്റാണ് എന്ന വിമർശനം നേരത്തെ തന്നെ വന്നിരുന്നു. தமிழக வெற்றி கழகம் എന്നായിരുന്നു നേരത്തെ വിജയ് അടക്കം പ്രസിദ്ധീകരിച്ച വാർത്ത കുറിപ്പിലെ പാർട്ടി പേര്. എന്നാൽ തമിഴ് വ്യാകരണ പ്രകാരം ഇത് தமிழக வெற்றிக் கழகம் എന്നാണ് എഴുതേണ്ടത് എന്നായിരുന്നു വിമർശനം.

ഇപ്പോൾ ഈ വിമർശനം ഇപ്പോൾ വിജയ് അംഗീകരിച്ചതായാണ് വിവരം. അതുകൊണ്ട് പാർട്ടി പേരിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ വിജയിയുടെ പാർട്ടിയുടെ ഔദ്യോഗിക പത്ര കുറിപ്പിലും സോഷ്യൽ മീഡിയ പേജിലും தமிழக வெற்றிக் கழகம் എന്നാണ് എഴുതിയിരിക്കുന്നത്. തമിഴകത്തിന് വേണ്ടി നടത്തുന്ന പാർട്ടിയിൽ ഭാഷപരമായ പിശക് വരരുതെന്ന് വിജയ് നിർദേശിച്ചുവെന്നാണ് വിവരം.