അന്നത്തെ അതേ ജൂനിയർ ആർട്ടിസ്റ്റ് പയ്യൻ; ഇന്ന് ആരാധനമൂർത്തിയുമായി മത്സരം! നസ്ലന് നിറഞ്ഞ കയ്യടി

വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നസ്ലൻ. 2019 ൽ മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയാണ് നസ്ലൻ മലയാള സിനിമയിലേക്ക് വന്നത്. ജൂനിയർ ആർട്ടിസ്റ്റായുള്ള തുടക്കത്തിന് ശേഷം തണ്ണീർമത്തൻ ദിനങ്ങളിലെ മെൽവിൻ എന്ന കഥാപാത്രത്തിലൂടെ നസ്ലൻ തന്റെ പ്രതിഭ തെളിയിച്ചു. ഇപ്പോൾ നായകനായി അടക്കം മിന്നുന്ന പെർഫോമൻസിലൂടെ നസ്ലൻ തിളങ്ങുകയാണ്. നസ്ലനും മമിത ബൈജുവും ഒന്നിച്ച പ്രേമലു ഇപ്പോൾ തീയറ്ററുകൾ നിറച്ച് വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തോടാണ് നസ്ലൻ ചിത്രം മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂക്ക എന്ന താരത്തോടുള്ള ആരാധന മൂത്ത് മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച നസ്ലൻ ഇപ്പോൾ അതേ സൂപ്പർസ്റ്റാറിനോട് ബോക്‌സ്ഓഫീസിൽ മത്സരിക്കുന്നു എന്നുള്ളത് തന്നെയാണ് വലിയ പ്രത്യേകത.

‘പ്രേമലു’വിന്റെ പ്രൊമോഷനോടു അനുബന്ധിച്ചു നൽകിയ അഭിമുഖത്തിൽ തന്റെ ഉള്ളിലെ മമ്മൂട്ടി ആരാധനയെ കുറിച്ച് നസ്ലൻ തുറന്നുപറഞ്ഞിട്ടുണ്ട്. ‘ ഞാൻ ഇപ്പോഴും മമ്മൂക്കയുടെ ആരാധകനാണ്. മധുരരാജയിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായി പോയിട്ടുണ്ട്,’ നസ്ലൻ പറഞ്ഞു. മമ്മൂട്ടിയും ഭ്രമയു​ഗവും നസ്ലന്റെ പ്രേമലവും തീയറ്ററിൽ വലിയ വിജയമാണ് തീർക്കുന്നത്.