പകരക്കാരില്ലാതെ മൂന്നാം വാരം; യുകെയില്‍ ‘കണ്ണൂര്‍ സ്ക്വാഡ്’ പിന്നിലാക്കിയത് 12 സിനിമകളെ

വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ വന്ന് വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂർ സ്ക്വാഡ്’. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മമ്മൂട്ടി ചിത്രം മാറുമ്പോള്‍, ആരാധകർക്കും പൗരമേ  മലയാള…

വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ വന്ന് വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂർ സ്ക്വാഡ്’. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മമ്മൂട്ടി ചിത്രം മാറുമ്പോള്‍, ആരാധകർക്കും പൗരമേ  മലയാള സിനിമാ ആസ്വാദകരെല്ലാം  ആവേശത്തിലാണ്.മികച്ച മൗത്ത് പബ്ലിസിറ്റിയോടെ തുടക്കമായ ചിത്രം ഇപ്പോൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂർ സ്ക്വാഡിന് ശേഷം ഒരുപിടി സിനിമകൾ പുറത്തിറങ്ങിയെങ്കിലും അവയെ എല്ലാം മറികടന്ന് ‘സൂപ്പർ സ്ക്വാഡി’ന്റെ കളക്ഷൻ തേരോട്ടം തുടരുകയാണ്.നമുക്കറിയാം  ആദ്യദിനങ്ങളില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുക എന്നതാണ് ഇന്ന് ഒരു റിലീസ് ചിത്രത്തിന്‍റെ അണിയറക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ റിലീസ് ദിന പരീക്ഷ വിജയകരമായി അതിജീവിക്കുന്നപക്ഷം അവരുടെ ചിത്രത്തെ കാത്തിരിക്കുന്നത് വന്‍ ഓപണിം​ഗ് ആണ്. ഇനി അഭിപ്രായം നെ​ഗറ്റീവ് ആണെങ്കിലോ സിനിമയുടെ കാര്യത്തില്‍ ആ വാരാന്ത്യത്തില്‍ തന്നെ ഒരു തീരുമാനം ആവുകയും ചെയ്യും.എന്നാൽ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ കണ്ണൂർ സ്‌ക്വാഡിനെ  ആദ്യ ദിനങ്ങളില്‍ തന്നെ സിനിമാപ്രേമികള്‍ ഏറ്റെടുത്തു. ഇത് കേരളത്തില്‍ മാത്രമല്ല സംഭവിച്ചത്, മറിച്ച് ഇന്ത്യയിലും വിദേശത്തും റിലീസ് ചെയ്യപ്പെട്ട എല്ലാ മാര്‍ക്കറ്റുകളിലും അങ്ങനെതന്നെയാണ്.പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ നിന്നുമാത്രം കണ്ണൂർ സ്ക്വാഡ് നേടിയത് 32.72 കോടിയാണ്. ആ​ഗോളതലത്തിൽ 67.35 കോടി മമ്മൂട്ടി ചിത്രം നേടിയെന്നും ഇവർ പറയുന്നു. അങ്ങനെ എങ്കിൽ മൂന്നാം വാരാന്ത്യത്തിന് മുൻപ് തന്നെ 70 കോടി നേടി കണ്ണൂർ സ്ക്വാഡ് മുന്നേറും എന്നാണ് വിലയിരുത്തലുകൾ. വിദേശ നാടുകളിലും കണ്ണൂർ സ്ക്വാഡ് മികച്ച നേട്ടം കൊയ്യുകയാണ്.ഇപ്പോഴിതാ യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ജവാനും മിഷന്‍ റാണി​ഗഞ്ജും ഫുക്രി 3 ഉും ചന്ദ്രമുഖി 2 ഉും ഒക്കെ പ്രദര്‍ശനം തുടരുന്നയിടത്ത് അവസാന വാരാന്ത്യം ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയത് കണ്ണൂര്‍ സ്ക്വാഡ് ആണ് എന്നത്  ശ്രദ്ധേയ നേട്ടമാണ്.. വലിയൊരു നേട്ടമാണ്.കണ്ണൂര്‍ സ്ക്വാഡ് 64,849 പൗണ്ട്  നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ജവാന് നേടാനായത് 36,736 പൗണ്ട് മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള മിഷന്‍ റാണി​ഗഞ്ജ് നേടിയിരിക്കുന്നത് 36,474 പൗണ്ടുമാണ്. അതേസമയം കണ്ണൂര്‍ സ്ക്വാഡ് ഇതുവരെ അവിടെനിന്ന് നേടിയിട്ടുള്ളത് 1,58,594 പൗണ്ട് അതായത് 1.6 കോടി രൂപ ആണ്. റൂള്‍സ് രഞ്ജന്‍, താങ്ക്യൂ ഫോര്‍ കമിം​ഗ്, ഫുക്രി 3, ​ഗഡ്ഡി ജാണ്ഡി, എനിഹൗ മിട്ടി പാവോ, ചന്ദ്രമുഖി 2, രത്തം, 800, സ്കന്ദ, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ബുഹേ ബരിയാന്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം നാല് മുതല്‍ 14 വരെയുള്ള സ്ഥാനങ്ങളില്‍.

അതേസമയം ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ റിലീസ് ചെയ്ത സ്വദേശ, വിദേശ മാര്‍ക്കറ്റുകളിലെല്ലാം ഏതൊരു നിര്‍മ്മാതാവിനെയും അസൂയപ്പെടുത്തുന്ന തരത്തില്‍ സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്തുന്നുമുണ്ട്. ഇന്ത്യയ്ക്ക് പുറമെ ജിസിസി, യുകെ, അയര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിം​ഗപ്പൂര്‍ എന്നിവിടങ്ങളിലൊക്കെ അങ്ങനെതന്നെയാണ് .നോർത്ത് അമേരിക്കയിൽ നിന്നും 1.71 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പന്ത്രണ്ടാം ദിവസത്തെ മാത്രം റിപ്പോർട്ട് ആണിത്. ജിസിസിയും മികച്ച നേട്ടം തന്നെ ആണ് റോബി വർ​ഗീസ് രാജ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം, സിം​ഗപ്പൂരിൽ റിലീസിന് ഒരുങ്ങുകയാണ് കണ്ണൂർ സ്ക്വാഡ്. ഇന്ന്  മുതൽ ആകും സിംഗപ്പൂരിൽ  ചിത്രം റിലീസിന് എത്തുക. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമായി 800 ല്‍ അധികം സ്ക്രീനുകള്‍ ചിത്രത്തിനുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.