Film News

തേപ്പ് കിട്ടിയപ്പോൾ ബിയർ കുടിച്ച് ബാത്ത്‌റൂമിൽ തലകറങ്ങി വീണു, വീണ്ടും പ്രണയിച്ചു, പക്ഷേ…; ജീവിതം പറഞ്ഞ് നടി തുഷാര

അനുരാഗ ഗാനം പോലെ എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് തുഷാര. തന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളുടെയും പ്രണയ നഷ്ടങ്ങളുടെയും വേദനയാണ് ഇപ്പോൾ നടി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നിറയെ പ്രണയം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ അതിൽ നിന്നെല്ലാം മുട്ടൻ പണിയാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്നുമാണ് തുഷാര പറയുന്നത്. തേപ്പ് കിട്ടിയതിനെ തുടർന്ന് മൂകാംബികയിൽ പോയി തപസ് ഇരുന്നതിനെ പറ്റിയൊക്കെ നടി അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.

ഗൂഗിളിലൊന്നും തന്നെ സെർച്ച് ചെയ്താൽ കാണാത്തതിന്റെ കാരണവും തുഷാര വെളിപ്പെടുത്തി. ഇടയ്ക്കിടെ പേര് മാറ്റി കളിക്കുന്നയാളാണ്. പണ്ട് പേര് തുഷാര നമ്പ്യാർ എന്നായിരുന്നു. ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് തുഷാരയുടെ കൂടെ ഒരു വാല് വേണം. അനിയനാണ് തുഷാര നമ്പ്യാർ എന്നിടാൻ പറഞ്ഞത്. നാടകത്തിൽ അഭിനയിച്ചതിന് ശേഷം പലരും പറഞ്ഞപ്പോഴാണ് നമ്പ്യാർ എന്ന വാല് ഒഴിവാക്കിയത്.

പ്രണയത്തെ കുറിച്ചും തേപ്പ് കിട്ടിയതിനെ കുറിച്ചുമാണ് തുഷാര പിന്നീട് സംസാരിച്ചത്. പ്രണയവും തേപ്പും ഇല്ലാത്ത ആളുകളുണ്ടോ എന്നാണ് നടി ചോദിക്കുന്നത്. എനിക്ക് പ്രണയമില്ലാത്ത സമയം എപ്പോഴാണെന്ന് ചോദിക്കുകയാണ് വേണ്ടത്. എന്തായാലും ഇപ്പോൾ സിംഗിളാണ്. ഇനി ആർക്കെങ്കിലും എന്നോട് പ്രണയമുണ്ടെങ്കിൽ പറയാൻ മടിക്കണ്ടെന്ന് കരുതിയാണ് ഇക്കാര്യം പറയുന്നതെന്നും തുഷാര തമാശ കലർത്തി പറഞ്ഞു.

നാട്ടിൻ പുറത്ത് നിന്ന് വന്ന ഞാൻ പ്രണയത്തിലൊന്നും ചാടി പേര് ദോഷം ഉണ്ടാക്കരുതെന്നാണ് കരുതിയിരുന്നത്. പക്ഷേ ആദ്യത്തെ പ്രണയം തന്നെ വലിയൊരു തേപ്പ് ആയി പോയി. തേപ്പ് എന്ന് പറഞ്ഞാൽ ഒന്നൊന്നര തേപ്പായിരുന്നു. ആദ്യം തേച്ചിട്ട് പോയ അതേ ആൾ ഒരു മാസത്തിന് ശേഷം വീണ്ടും വന്നു. അതിലും വീണ് പോയി. പിന്നെ ഒരു പോക്കങ്ങ് പോയി. അതോടെ ആകെ തകർന്ന് പോയി. ഇനി ഞാൻ പറയുന്നത് ആളുകൾ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എങ്കിലും പറയാം, ഞാൻ ആദ്യമായി ബിയർ അടിച്ചത് എന്റെ പ്രണയം പൊട്ടിയപ്പോഴാണെന്നും തുഷാര പറഞ്ഞു.

അന്ന് ബിയർ കുടിച്ച് ബാത്ത്‌റൂമിൽ തലകറങ്ങി വീണു. എങ്ങനെയോ തപ്പി പിടിച്ച് എഴുന്നേറ്റ് പോയി കിടക്കുകയായിരുന്നു. അതിന് ശേഷം എങ്ങനെയും ഇതിൽ നിന്നും പുറത്ത് കടക്കണമെന്ന് തോന്നലുണ്ടായി. അങ്ങനെ നാലഞ്ച് സെറ്റ് മുണ്ടൊക്കെ എടുത്ത് മൂകാംബികയിലേക്ക് പോയി. അവിടെയാരും മുറി തന്നില്ല. സിംഗിളായത് കൊണ്ട് മുറി തരില്ലെന്നാണ് പറഞ്ഞത്. വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ തരാമെന്ന് പറഞ്ഞു. അവസാനം അനിയൻ വിളിച്ചതിന് ശേഷമാണ് റൂം കിട്ടിയത്. മൂന്ന് ദിവസം അമ്പലത്തിൽ പോയി തപസിരുന്നു. എന്ത് വിഷമം ഉണ്ടെങ്കിലും അത് മാറുമെന്നാണ് തിരികെ പോരാൻ നേരം അവിടുത്തെ തീരുമേനി പറഞ്ഞത്. ഇനി പ്രണയമില്ലെന്ന് തീരുമാനിച്ച് പോന്നതിന് ശേഷവും അവൻ തന്നെ എന്റെ അടുത്തേക്ക് വീണ്ടും വന്നു. പക്ഷേ അവനോട് പറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞവെന്നും തുഷാര വെളിപ്പെടുത്തി.

പിന്നീട് വേറെ പ്രണയങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. പ്രണയിക്കുന്നതും പ്രണയം പൊട്ടുന്നതും ഒരു ശീലമായി മാറി. മൂന്നാല് തവണ പ്രണയിക്കുകയും അതിൽ ചിലത് വലിയ പണിയായി മാറുകയും ചെയ്തിട്ടുണ്ട്. അഭിനയത്തെ ജീവിതത്തെ കുറിച്ചും തുഷാര സംസാരിച്ചു. സിനിമ ഒരെണ്ണം ചെയ്ത് കൊണ്ടിരിക്കുകയാണ്. വേറെയും വന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഒന്നും പറയാനാകില്ല. ഡാൻസർ വിനീതേട്ടന്റെ കൂടെ ഒരു സിനിമ ചെയ്യാൻ ആയിട്ടുണ്ട്. ഞാൻ നല്ല രീതിയിൽ പെർഫോം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് വലിയ അവാർഡ് കിട്ടിയ പോലെയാണ് ഫീൽ ചെയ്തത്. ‘എന്നും എപ്പോഴും’, സിനിമയിൽ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചു. ആദ്യത്തെ സിനിമയിൽ തന്നെ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും നടി പറഞ്ഞു.

Gargi